Kerala
ബര്‍ഗറില്‍ ചിക്കന്‍ കുറഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കം; കത്തിവീശി കയ്യേറ്റം ചെയ്ത ചിക്കിങ് ഔട്ട്ലെറ്റ് മാനേജറെ പിരിച്ചുവിട്ടു
ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ സഹോദരന്മാരും ചിക്കിങ്ങ് മാനേജറും തമ്മിലാണ് പ്രശ്നമുണ്ടായത്.
കൊച്ചി| ബര്‍ഗറില്‍ ചിക്കന്‍ കുറഞ്ഞുപോയെന്ന് ആരോപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചിക്കിങ് ഔട്ട്ലെറ്റ് മാനേജറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. മുണ്ടംവേലി സ്വദേശി ജോഷ്വായെയാണ് പിരിച്ചുവിട്ടത്. എറണാകുളം എംജി റോഡില്‍ കെപിസിസി കവലയിലെ ചിക്കിങ് ഔട്‌ലെറ്റില്‍ ഡിസംബര്‍ 30നായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ സഹോദരന്മാരും ചിക്കിങ്ങ് മാനേജറും തമ്മിലാണ് പ്രശ്നമുണ്ടായത്. മാനേജര്‍ കത്തിയുമായി കയ്യേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികളും സഹോദരന്മാരും പരാതി നല്‍കിയിരുന്നു. കത്തിവീശിയതിലും തര്‍ക്കത്തിലും ജോഷ്വോ അടക്കം അഞ്ചുപേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു.
കൊച്ചിയില്‍ നടക്കുന്ന സെന്‍ട്രല്‍ സ്പോര്‍ട്സ് മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. മാനേജര്‍ പ്രശ്നമുണ്ടാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ സഹോദരന്മാരെ വിളിച്ച് വരുത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സഹോദരന്മാരുടെ നേരെ മാനേജര്‍ കത്തിയുമായി പാഞ്ഞടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മാനേജറുടെ ഫോണ്‍ സഹോദരങ്ങള്‍ എടുക്കുന്നതും വിദഗ്ധമായി മാനേജറുടെ കയ്യിലെ കത്തി വീഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
തര്‍ക്കത്തിന് പിന്നാലെ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ച് ഒരു വിദ്യാര്‍ത്ഥിയുടെ സഹോദരന്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ പ്രശ്നമുണ്ടാക്കിയിട്ടില്ല. കാര്യം ചോദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവരെ മാനേജര്‍ തെറിവിളിച്ചുവെന്നും സഹോദരന്‍ പറഞ്ഞു. മാനേജര്‍ കത്തിയെടുത്തു. പുറത്തിറങ്ങിയാല്‍ കുത്തിക്കൊല്ലുമെന്ന് പറഞ്ഞ്. വിദ്യാര്‍ത്ഥികളുടെ നേരെയും അയാള്‍ കത്തി വീശി. നേരെ എന്നെ കുത്താന്‍ വന്നു. അപ്പോള്‍ എന്റെ സുഹൃത്ത് പിന്നില്‍ നിന്ന് മാനേജരെ പിടിച്ചു. അങ്ങനെ ഞാന്‍ രക്ഷപ്പെടുകയായിരുന്നു.


