local body election 2025
സ്ഥാനാർഥി ചിത്രം തെളിയാതെ പൊന്മുണ്ടം
മുസ്‌ലിം ലീഗ് തനിച്ച് മത്സരരംഗത്തിറങ്ങുമെന്നാണ് സൂചന.
വൈലത്തൂർ | നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയം തുടങ്ങിയിട്ടും സ്ഥാനാർഥി ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പോലും പ്രത്യക്ഷപ്പെടാതെ പൊന്മുണ്ടം പഞ്ചായത്ത്. യു ഡി എഫ് സംവിധാനമില്ലാതെ ഒരേ മുന്നണിയിലെ പ്രബല കക്ഷികളായ മുസ്‌ലിം ലീഗും കോൺഗ്രസ്സും നേർക്കുനേർ പേരാടുന്ന പഞ്ചായത്തിലാണ് പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് നീളുന്നത്. മുസ് ലിം ലീഗ് തനിച്ച് മത്സരരംഗത്തിറങ്ങുമെന്നാണ് സൂചന.
എന്നാൽ ലീഗിനെതിരെ മത്സരിക്കാൻ ചില വാർഡുകളിൽ കോൺഗ്രസ്റ്റ് ഇടതുപക്ഷവുമായി നീക്കുപോക്കുണ്ടാക്കുമെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. 18 വാർഡുകളുള്ള ഇവിടെ സിറ്റിംഗ് സീറ്റുകളിൽ പോലും സ്ഥാനാർഥികൾ ആരാകുമെന്ന് സൂചന പാർട്ടി നേതാക്കളോ അണികളോ നൽകുന്നില്ലെന്നതും ശ്രദ്ധേയമാണ്.
മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ വാർഡ് വിഭജനമുണ്ടായതിനാൽ ചില വാർഡുകളിലെ വിജയ പരാജയങ്ങൾ പ്രവചിക്കാൻ സാധിക്കാത്തതും പാർട്ടി നേതൃത്വത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്.
ഏതെങ്കിലും ഒരു പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചാൽ ശക്തമായ പോരാട്ടം നടത്താൻ അണിയറയിലുള്ള തങ്ങളുടെ സ്ഥാനാർഥികളെ രംഗത്തിറക്കാനുള്ള എതിർ പാർട്ടിക്കാരുടെ നീക്കമാണ് പ്രഖ്യാപനം നീളുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ തവണ മത്സര രംഗത്തുണ്ടായിരുന്ന ലീഗിലെ പലരും ഇത്തവണ കളത്തിലിറങ്ങാൻ സാധ്യത കുറവാണെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം സമീപത്തെ ചില പഞ്ചായത്തുകളിൽ അങ്കത്തിനിറങ്ങുന്ന സ്ഥാനാർഥികളുടെ പോസ്റ്ററുകളും ബോർഡുകളും റോഡരികിൽ ഇടം പിടിച്ചിട്ടുണ്ട്.
തിരൂരില്‍ രാഷ്ട്രീയ പാർട്ടിപ്രതിനിധികളുടെ യോഗം നാളെ
തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരൂർ നഗരസഭയിലെയും വെട്ടം, തലക്കാട്, മംഗലം, പുറത്തുർ, തൃപ്രങ്ങോട്, തിരുന്നാവായ, ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളിലെയും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സംയുക്ത യോഗം നാളെ വൈകീട്ട് 4.30ന് തിരൂർ കോരങ്ങത്ത് നഗരസഭാ സാംസ്കാരിക സമുച്ചയത്തിൽ നടക്കും.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിവസങ്ങളിലും ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ സുഗമമായ രീതിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തി കൊണ്ടുപോകുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ സഹകരണം തേടിയാണ് സർവകക്ഷി യോഗം വിളിച്ചുചേർത്തിട്ടുള്ളതെന്ന് പോലീസ് ഇൻസ്പെക്ടർ പി വിഷ്ണ അറിയിച്ചു.



