Kerala
എസ്എപി ക്യാമ്പില്‍ പോലീസ് ട്രെയിനിയുടെ മരണം; ക്യാമ്പില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണം
എസ്എപി ക്യാമ്പില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് വനിത ബറ്റാലിയന്‍ കമാണ്ടന്റ് അന്വേഷിക്കും.

തിരുവനന്തപുരം| പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ പോലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം. എസ്എപി ക്യാമ്പില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് വനിത ബറ്റാലിയന്‍ കമാണ്ടന്റ് അന്വേഷിക്കും. അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബറ്റാലിയന്‍ ഡിഐജി അരുണ്‍ ബി കൃഷ്ണയുടേതാണ് ഉത്തരവ്. ആനന്ദിന്റെ കുടുംബം ഉയര്‍ത്തിയ പരാതികള്‍ പേരൂര്‍ക്കട പോലീസും അന്വേഷിക്കും.
ക്യാമ്പില്‍ ആനന്ദ് തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പേരൂര്‍ക്കട പോലീസിനും എസ്എപി കമാന്‍ഡന്റിനും കുടുംബം പരാതി നല്‍കിയിരുന്നു. ക്യാമ്പില്‍ ആനന്ദിന് ക്രൂരമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നതായി സഹോദരന്‍ അരവിന്ദ് പരാതിയില്‍ വ്യക്തമാക്കി. മേലുദ്യോഗസ്ഥനില്‍ നിന്ന് കടുത്ത പീഡനങ്ങളാണ് ആനന്ദിന് നേരിടേണ്ടി വന്നത്. ജാത്യാധിക്ഷേപത്തിനും ഇരയായി. ഹവില്‍ദാര്‍ തസ്തികയിലുള്ള ബിപിന്റെ ഭാഗത്ത് നിന്നും മോശമായ അനുഭവങ്ങളുണ്ടായി.
ആനന്ദിന്റെ കൈയില്‍ മുറിവേറ്റതില്‍ ദുരൂഹതയുണ്ടെന്നും അരവിന്ദ് ആരോപിച്ചു. അടുത്തിടെ, ആനന്ദ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയില്‍ മുറിവ് ഭേദമായതിനെ തുടര്‍ന്ന് ക്യാമ്പില്‍ മടങ്ങിയെത്തിയതായിരുന്നു. ക്യാമ്പിലേക്ക് കൊണ്ടുവന്ന ആനന്ദിന് കൗണ്‍സിലിംഗ് നല്‍കി. പേരൂര്‍ക്കട പോലീസ് മൊഴിയെടുത്തപ്പോഴും ആര്‍ക്കെതിരെയും പരാതി പറഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു. ഇന്നലെ രാവിലെയാണ് പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ ബാരക്കില്‍ ആനന്ദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.