Connect with us

National

പി.എം കെയേഴ്സ് ഫണ്ട് പൊതുപണമല്ല: കേന്ദ്ര സര്‍ക്കാര്‍

ഭരണഘടനയുടെയോ സംസ്ഥാന, കേന്ദ്ര നിയമനിര്‍മ്മാണ സഭകളുടെയോ നിര്‍ദേശ പ്രകാരമല്ല ഈ ഫണ്ട് രൂപീകരിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| കൊവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി.എം കെയേഴ്സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പി.എം കെയേഴ്സ് ഫണ്ടിന്റെ ചുമതല വഹിക്കുന്ന അണ്ടര്‍ സെക്രട്ടറി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ട്രസ്റ്റ് സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും സി.എ.ജി തയ്യാറാക്കിയ പാനലില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ഓഡിറ്റ് ചെയ്യുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പി.എം. കെയേഴ്സ് ഫണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനായി പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്നുള്ള ഹര്‍ജി പരിഗണിക്കവെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.

സുതാര്യത ഉറപ്പുവരുത്താനായി ട്രസ്റ്റിന് ലഭിച്ച ഫണ്ടിന്റെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോര്‍ട്ടും ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഭരണഘടനയുടെ 12ാം അനുഛേദം പ്രകാരമുള്ള സ്റ്റേറ്റ് ആയി ഫണ്ടിനെ നിയന്ത്രിക്കുന്ന പി.എം. കെയര്‍ ട്രസ്റ്റിനെ കാണാനാവില്ല. അതിനാല്‍ ഇതിലെ ഫണ്ട് രാഷ്ട്രത്തിന്റെ പൊതുപണമായി കണക്കാക്കാനാവില്ലെന്നും അണ്ടര്‍ സെക്രട്ടറി പ്രദീപ് കുമാര്‍ ശ്രീവാസ്തവ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ഭരണഘടനയുടെയോ സംസ്ഥാന, കേന്ദ്ര നിയമനിര്‍മ്മാണ സഭകളുടെയോ നിര്‍ദേശ പ്രകാരമല്ല ഈ ഫണ്ട് രൂപീകരിച്ചത്. വ്യക്തികളുടെയോ സംഘടനകളുടെയോ സംഭാവനകള്‍ ഉപയോഗിച്ചാണ് ഫണ്ട് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് നികുതി ഇളവ് നല്‍കുന്നത് കൊണ്ടുമാത്രം ഫണ്ട് പൊതു ഫണ്ടാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കോടതി കേസ് പരിഗണിക്കുന്നത് സെപ്തംബര്‍ 27 ലേക്ക് മാറ്റി.

 

 

---- facebook comment plugin here -----

Latest