Connect with us

National

ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിര്‍വചിക്കാനാകുമോ; സുപ്രധാന ചോദ്യങ്ങളുമായി രാഷട്രപതിയുടെ റഫറന്‍സ്

നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചു കൊണ്ടുള്ള വിധിയിലാണ് സുപ്രിംകോടതിക്ക് രാഷ്ട്രപതിയുടെ റഫറന്‍സ്.

Published

|

Last Updated

ന്യൂഡല്‍ഹി | ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിര്‍വചിക്കാനാകുമോ എന്ന സുപ്രധാന ചോദ്യവുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചു കൊണ്ടുള്ള വിധിയിലാണ് സുപ്രിംകോടതിക്ക് രാഷ്ട്രപതിയുടെ റഫറന്‍സ്.

ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും മുന്‍പാകെ ഒരു ബില്ല് വന്നാല്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാമെന്നതിലും വിശദീകരണം തേടി. ഇതടക്കം 14 കാര്യങ്ങളില്‍ കോടതി വ്യക്തത വരുത്തണമെന്നും ദ്രൗപതി മുര്‍മു ആവശ്യപ്പെട്ടു. രാഷ്ട്രപതി ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുന്‍പ് സുപ്രിംകോടതി വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ റഫറന്‍സ്. നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് ജസ്റ്റിസ് മാരായ ജി ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് തമിഴ് നാട് ഗവര്‍ണര്‍ കേസിലാണ് പുറപ്പെടുവിച്ചത്.

സുപ്രിംകോടതിയോട് രാഷ്ട്രപതി വ്യക്തത തേടിയ പ്രധാനപ്പെട്ട വിഷയങ്ങള്‍:

  • നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ലഭിക്കുമ്പോള്‍ ഭരണഘടനയുടെ 200ാം അനുച്ഛേദ പ്രകാരം ഗവര്‍ണര്‍മാര്‍ക്ക് മുന്നിലുള്ള ഭരണഘടനപരമായ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ?
  • ബില്ലുകളില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ ബാധ്യസ്ഥരാണോ?
  • 200ാം അനുച്ഛേദ പ്രകാരം ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ?
  • ഭരണഘടനയുടെ 200ാം അനുച്ഛേദ പ്രകാരം ഗവര്‍ണര്‍മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ കോടതികള്‍ക്ക് പരിശോധിക്കാനാകുമോ?
  • ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ ഭരണഘടനയില്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാല്‍ കോടതിക്ക് സമയപരിധിയും എങ്ങനെ തീരുമാനമെടുക്കണമെന്നും ഉള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയുമോ?
  • ഗവര്‍ണര്‍മാര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് ഭരണഘടനയുടെ 143-ആം അനുച്ഛേദ പ്രകാരം രാഷ്ട്രപതി സുപ്രിംകോടതിയുടെ അഭിപ്രായം തേടേണ്ടത് ഉണ്ടോ?
  • ബില്ലുകള്‍ നിയമം ആകുന്നതിന് മുന്‍പ് അതിലെ ഉള്ളടക്കം ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതികള്‍ക്ക് അധികാരം ഉണ്ടോ?
  • രാഷ്ട്രപതിയും ഗവര്‍ണര്‍മാരുടെയും ഭരണഘടനപരമായ അധികാരങ്ങളും ഉത്തരവുകളും മറികടക്കാന്‍ അനുച്ഛേദം 142 പ്രകാരം കോടതിക്ക് കഴിയുമോ?
  • നിയമസഭാ പാസ്സാക്കുന്ന ബില്ല് ഗവര്‍ണറുടെ അംഗീകാരം ഇല്ലാതെ നിയമമായി മാറാന്‍ കഴിയുമോ?

 

---- facebook comment plugin here -----

Latest