Connect with us

National

ഭാര്യമാരെ തുല്യരായി പരിഗണിക്കാൻ സാധിക്കുമെങ്കിൽ മുസ്ലീം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാം: അലഹബാദ് ഹൈക്കോടതി

ന്യായമായ കാരണങ്ങളാൽ ഉപാധികളോടെയാണ് ഖുർആൻ ബഹുഭാര്യാത്വത്തിന് അനുമതി നൽകിയതെന്നും എന്നാൽ പുരുഷന്മാർ അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി അത് ദുരുപയോഗം ചെയ്യുകയാണെന്നും ജസ്റ്റിസ് അരുൺ കുമാർ സിംഗ് ദേശ്‌വാൾ

Published

|

Last Updated

മൊറാദാബാദ് | തന്റെ എല്ലാ ഭാര്യമാരെയും തുല്യമായി പരിഗണിക്കുന്നിടത്തോളം ഒരു മുസ്ലീം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാമെന്ന് അലഹബാദ് ഹൈക്കോടതി. ന്യായമായ കാരണങ്ങളാൽ ഉപാധികളോടെയാണ് ഖുർആൻ ബഹുഭാര്യാത്വത്തിന് അനുമതി നൽകിയതെന്നും എന്നാൽ പുരുഷന്മാർ അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി അത് ദുരുപയോഗം ചെയ്യുകയാണെന്നും ജസ്റ്റിസ് അരുൺ കുമാർ സിംഗ് ദേശ്‌വാളിന്റെ സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടി. മൊറാദാബാദിലെ ഒരു കോടതി പുറപ്പെടുവിച്ച കുറ്റപത്രം, കുറ്റം ചുമത്തൽ, സമൻസ് ഉത്തരവ് എന്നിവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫുർഖാൻ എന്നയാൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

2020 ലാണ് കേസിന്റെ തുടക്കം. ഫുർഖാൻ താൻ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് തന്നെ വിവാഹം കഴിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ചു. വിവാഹ സമയത്ത് അയാൾ തന്നെ ബലാത്സംഗം ചെയ്തതായും അവർ പരാതിപ്പെട്ടു. അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൊറാദാബാദ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഫുർഖാനും മറ്റ് രണ്ട് പേർക്കും സമൻസ് അയക്കുകയും ചെയ്യുകയായിരന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യം കേവലമല്ലെന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 25 മതവിശ്വാസം സ്വീകരിക്കാനും, ആചരിക്കാനും, പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നു. അതിൽ ഒരാളുടെ മതവിശ്വാസത്തിനനുസരിച്ചുള്ള ബാഹ്യമായ പ്രവൃത്തികളും ഉൾപ്പെടുന്നു. എന്നാൽ ഈ അവകാശം പൊതു ക്രമം, ധാർമ്മികത, ആരോഗ്യം, ഭരണഘടനയുടെ ഭാഗം III ലെ മറ്റ് വ്യവസ്ഥകൾ എന്നിവയ്ക്ക് വിധേയമാണ്. അതിനാൽ, ആർട്ടിക്കിൾ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യം പരിധിയില്ലാത്തതല്ല, അത് സംസ്ഥാനത്തിന് നിയന്ത്രിക്കാൻ കഴിയുമെന്നും കോടതി നിരീക്ഷിച്ചു.

ബഹുഭാര്യത്വം ഖുർആൽ ഒരിക്കൽ മാത്രമേ പരാമർശിക്കപ്പെടുന്നുള്ളൂവെന്നും, അത് അനുവദിച്ചതിന് ഒരു ചരിത്രപരമായ കാരണമുണ്ടെന്നും എന്നാൽ പുരുഷന്മാർ പലപ്പോഴും അത് സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ദേശ്‌വാൾ പറഞ്ഞു.

“അറബ് രാജ്യങ്ങളിൽ ഗോത്രവർഗ്ഗ സംഘട്ടനങ്ങളിൽ ധാരാളം സ്ത്രീകൾ വിധവകളാകുകയും കുട്ടികൾ അനാഥരാകുകയും ചെയ്ത ഒരു കാലഘട്ടം ചരിത്രത്തിൽ ഉണ്ടായിരുന്നു. മദീനയിലെ വളർന്നുവരുന്ന ഇസ്ലാമിക സമൂഹത്തെ പ്രതിരോധിക്കുന്നതിൽ മുസ്ലീങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. അത്തരം സാഹചര്യങ്ങളിലാണ് അനാഥരെയും അവരുടെ വിധവകളായ മാതാക്കളെയും ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാൻ ഖുറാൻ ഉപാധികളോടെ ബഹുഭാര്യത്വം അനുവദിച്ചത് – ബെഞ്ച് നിരീക്ഷിച്ചു.

“…അനാഥരെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പുരുഷന്മാർ ആദ്യം പരിഗണിക്കണമെന്ന് ഖുറാൻ ആവശ്യപ്പെടുന്നു എന്നത് വ്യക്തമാണ്. തനിച്ചായിരിക്കുമ്പോൾ അനാഥരുടെ താൽപ്പര്യങ്ങളോട് നീതി പുലർത്താൻ കഴിയില്ലെന്ന് തോന്നിയാൽ മാത്രം, അവരുടെ വിധവകളായ മാതാക്കളെ വിവാഹം കഴിക്കുന്നത് പരിഗണിക്കണം. പുതിയ കുടുംബത്തെ നിലവിലുള്ള കുടുംബത്തെ പോലെ നീതിയോടെ പരിഗണിക്കണം എന്ന വ്യവസ്ഥയോടെ മാത്രം.” – കോടതി വ്യക്തമാക്കി.

ഫുർഖാന്റെ രണ്ടാമത്തെ വിവാഹം നിയമപരമാണെന്നും, കാരണം അവന്റെ രണ്ട് ഭാര്യമാരും മുസ്ലീംകളാണെന്നും 18 പേജുള്ള വിധിന്യായത്തിൽ അലഹബാദ് ഹൈക്കോടതി പറഞ്ഞു.

കേസ് അടുത്ത വാദം കേൾക്കുന്നതിനായി മെയ് 26 ലേക്ക് മാറ്റി.

Latest