National
പാകിസ്ഥാന് പിന്തുണ നൽകി; ജെഎൻയുവിന് പിന്നാലെ തുർക്കിയുമായുള്ള എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കി ജാമിഅ മില്ലിയയും
തുർക്കി പാകിസ്ഥാന് ഡ്രോണുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സൈനിക സാങ്കേതികവിദ്യ നൽകിയെന്ന വിവരങ്ങൾ പുറത്തുവന്നതോടെ രാജ്യത്ത് തുർക്കിക്ക് എതിരായ വികാരം ശക്തമാണ്.

ന്യൂഡൽഹി | പാകിസ്ഥാനെ പിന്തുണച്ചതിൻ്റെ പേരിൽ രാജ്യത്തുടനീളം തുർക്കിയെ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ ശക്തമാകുന്നതിനിടെ, തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള എല്ലാ ധാരണാപത്രങ്ങളും (MoUs) റദ്ദാക്കി ജാമിഅ മില്ലിയ ഇസ്ലാമിയ. ജാമിയ മില്ലിയ ഇസ്ലാമിയയുടെ പിആർഒ പ്രൊഫസർ സൈമ സയീദ് വാർത്താ ഏജൻസിയോട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാമിഅ രാജ്യം ഭരിക്കുന്ന സർക്കാരിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുർക്കിയിലെ മലത്യയിലെ ഇനോനു യൂണിവേഴ്സിറ്റിയുമായുള്ള അക്കാദമിക് കരാർ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി (ജെഎൻയു) റദ്ദാക്കിയതിന് പിന്നാലെയാണ് ജാമിഅ മില്ലിയ്യയുടെ നടപടി. 2025 ഫെബ്രുവരി 3 ന് തുർക്കിയിലെ ഇനോനു യൂണിവേഴ്സിറ്റിയുമായി ഒപ്പുവച്ച ധാരണാപത്രം 2028 വരെ നിലനിൽക്കേണ്ടതായിരുന്നു.
തുർക്കി പാകിസ്ഥാന് ഡ്രോണുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സൈനിക സാങ്കേതികവിദ്യ നൽകിയെന്ന വിവരങ്ങൾ പുറത്തുവന്നതോടെ രാജ്യത്ത് തുർക്കിക്ക് എതിരായ വികാരം ശക്തമാണ്. സംഘർഷ സമയത്ത് പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് അയച്ച പല ഡ്രോണുകളും തുർക്കി നിർമ്മിതമാണെന്ന് പ്രാഥമിക ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.