From the print
പ്രോജ്ജ്വലം, പണ്ഡിത സമ്മേളനം
ഇസ്്ലാമിന്റെ ആധികാരിക രൂപമായ അഹ്്ലുസ്സുന്നയുടെ വിശ്വാസധാരയെ അരക്കിട്ടുറപ്പിക്കുന്നതും ഇസ്‌ലാം വിരുദ്ധ ശക്തികളുടെ അപചയം തുറന്നുകാട്ടുന്നതുമായിരുന്നു പണ്ഡിത സമ്മേളനം
കോട്ടക്കല്‍ | സുന്നി ആദര്‍ശത്തിന്റെ പാരമ്പര്യം ഉറക്കെപ്പറഞ്ഞ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ ബോഡിയുടെ ഭാഗമായി കോട്ടക്കല്‍ ഒ പി എസ് റോയല്‍ പാലസില്‍ നടന്ന പണ്ഡിത സമ്മേളനം പ്രൗഢമായി. ഇസ്്ലാമിന്റെ ആധികാരിക രൂപമായ അഹ്്ലുസ്സുന്നയുടെ വിശ്വാസധാരയെ അരക്കിട്ടുറപ്പിക്കുന്നതും ഇസ്‌ലാം വിരുദ്ധ ശക്തികളുടെ അപചയം തുറന്നുകാട്ടുന്നതുമായിരുന്നു പണ്ഡിത സമ്മേളനം.
വൈജ്ഞാനികവും ധാര്‍മികവുമായ ഈ മുന്നേറ്റത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നതിന് കര്‍മനിരതരാകണമെന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് പണ്ഡിതരോട് സമ്മേളനം അഭ്യര്‍ഥിച്ചു.
സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. നൂറ് വര്‍ഷം കരുത്തോടെ ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ സമസ്തക്ക് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഘശക്തിക്കെതിരെ പലരും പല കുതന്ത്രങ്ങളും മെനഞ്ഞെങ്കിലും ഒന്നും വിലപ്പോയില്ല, ഇനി വിലപ്പോകുകയുമില്ല. ഈ ആദര്‍ശ പ്രസ്ഥാനം നടത്തുന്ന ജൈത്രയാത്രയില്‍ പണ്ഡിതര്‍ക്കൊപ്പം മുഴുവന്‍ മുസ്‌ലിം ബഹുജനങ്ങളും കൈകോര്‍ക്കണമെന്നും പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
സമസ്ത പ്രസിഡന്റ്്റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്തക്ക് കരുത്തേകാന്‍ സെന്റിനറി ആഘോഷങ്ങള്‍ വന്‍വിജയമാക്കണമെന്ന് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തു. കേരളീയ മുസ്്ലിംകളെ സമൂഹത്തിന് മാതൃകയാകുംവിധം മുന്നോട്ടുനയിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ശക്തിപകരണം. സമസ്തയുടെ രൂപവത്കരണകാലം മുതല്‍ ഇന്നുവരെ അതിന്റെ തനതായ ആദര്‍ശത്തെ പ്രോജ്ജ്വലിപ്പിച്ച മഹത്തുക്കളുടെ പാതയിലാണ് സമസ്തയെന്നും റഈസുല്‍ ഉലമ പറഞ്ഞു.
സമസ്ത വൈസ് പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ഥന നിർവഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സെക്രട്ടറിമാരായ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അൽ ബുഖാരി, പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍ സംസാരിച്ചു.




