From the print
സമസ്തയുടെ ആദര്‍ശങ്ങളിലേക്ക് കൂടുതല്‍ പേര്‍ തിരിച്ചുവരുന്നു: ഖലീല്‍ തങ്ങള്‍
സമസ്തയുടെ അസ്തിത്വവും വ്യക്തിത്വവും ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി താജുല്‍ ഉലമയും നൂറുല്‍ ഉലമയും സുല്‍ത്വാനുല്‍ ഉലമയും ഉയര്‍ത്തിയ ചോദ്യങ്ങള്‍ പ്രസക്തമായിരുന്നുവെന്ന കാര്യം വൈകിയാണെങ്കിലും എല്ലാവര്‍ക്കും ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കോട്ടക്കല്‍ | സമസ്തയുടെ അടിസ്ഥാന ആദര്‍ശങ്ങളിലേക്കും നയനിലപാടുകളിലേക്കും കൂടുതല്‍ ആളുകള്‍ തിരിച്ചുവരുന്നുവെന്നതാണ് സെന്റിനറി ആഘോഷങ്ങളുടെ ഏറ്റവും വലിയ സന്തോഷമെന്ന് സമസ്ത സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അൽ ബുഖാരി. സമസ്ത സെന്റിനറി വിളംബര സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ അസ്തിത്വവും വ്യക്തിത്വവും ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി താജുല്‍ ഉലമയും നൂറുല്‍ ഉലമയും സുല്‍ത്വാനുല്‍ ഉലമയും ഉയര്‍ത്തിയ ചോദ്യങ്ങള്‍ പ്രസക്തമായിരുന്നുവെന്ന കാര്യം വൈകിയാണെങ്കിലും എല്ലാവര്‍ക്കും ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതാണ് സുന്നി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ വിജയമെന്നും അദ്ദേഹം പറഞ്ഞു.
നാടായ നാടുകളിലെല്ലാം വൈജ്ഞാനിക സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സമുദായത്തെ മുഖ്യധാരയിലേക്കെത്തിക്കുന്നതില്‍ സമസ്ത വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല. കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്കാവസ്ഥക്ക് പരിഹാരമായി രൂപംകൊണ്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേവലം ഒരു മതസംഘടനയല്ല, അതൊരു വലിയ വൈജ്ഞാനിക പ്രതികരണമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.




