Connect with us

Kerala

ദൗത്യം പൂര്‍ത്തിയാക്കി; കുഞ്ഞ് ആലിന്‍ നാളെ സ്മരണകളില്‍ പറന്നുയരും

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ അന്ത്യയാത്ര പൂര്‍ണ സംസ്ഥാന സര്‍ക്കാര്‍ ബഹുമതികളോടെ നടക്കും.

Published

|

Last Updated

മല്ലപ്പള്ളി |  കേവലം പത്തുമാസത്തെ ഇഹലോക ജീവിതത്തിന്റെ അവസാനത്തിങ്കല്‍
നാലുപേരെ പുതുജീവിതത്തിലേക്ക് നയിക്കാനായെന്ന ദൗത്യം പൂര്‍ത്തിയാക്കി കുഞ്ഞ് ആലിന്‍ നാളെ സ്മരണകളില്‍ പറന്നുയരും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ അന്ത്യയാത്ര പൂര്‍ണ സംസ്ഥാന സര്‍ക്കാര്‍ ബഹുമതികളോടെ നടക്കും.
അമൃത ആശുപത്രിയില്‍ നിന്നും എത്തിച്ച മൃതദേഹം മല്ലപ്പള്ളിയിലെ ജോര്‍ജ് മാത്തന്‍ മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ ഏഴോടെ പുറത്തെടുത്ത് ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് മല്ലപ്പള്ളിയിലെ വീട്ടിലെത്തിക്കും.
ഉച്ചകഴിഞ്ഞ് ഭവനത്തിലെ പ്രാര്‍ഥനയ്ക്കുശേഷം മൂന്നോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയില്‍ എത്തിച്ച് ഔദ്യോഗിക ബഹുമതികള്‍ നല്‍കും. തുടര്‍ന്നാണ് സംസ്‌കാര ശുശ്രൂഷ.

മൂന്‍ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റു കൂടിയായ മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂര്‍ വാലുമണ്ണില്‍ റെജി ശാമുവേലിന്റെ മകനാണ് അരുണ്‍ ഏബ്രഹാം. മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടില്‍ കുടുംബാംഗമാണ് അധ്യാപിക കൂടിയായ ഷെറിന്‍ ആന്‍ ജോണ്‍. ഇവരുടെ ഏകമകളായിരുന്നു ആലിന്‍ ഷെറിന്‍ എബ്രഹാം
അതീവ ദുഃഖത്തിനിടയിലും സ്വന്തം മകളുടെ അവയവങ്ങള്‍ നാല് കുഞ്ഞുങ്ങള്‍ക്ക് പുതു ജീവന്‍ പകര്‍ന്നല്ലോയെന്ന ആശ്വാസത്തിലാണ് അരുണ്‍ ഏബ്രഹാമും ഷെറിനും.

കഴിഞ്ഞ അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മ ജംഗ്ഷനു സമീപത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്. പത്തുമാസം പ്രായമുള്ള ആലിനൊപ്പം അമ്മ ഷെറിനും അമ്മയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. കോട്ടയം സ്വദേശികളുടെ കാറുമായാണ് ഇവരുടെ കാര്‍ കൂട്ടിയിടിച്ചത് ഷെറിന്റെ മാതാപിതാക്കളായ രാജനും ജെസിയും ഇപ്പോഴും പരിക്കുകളോടെ ചികിത്സയിലാണ്.
അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ചങ്ങനാശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് കഴിഞ്ഞഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഇന്ന് കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. ഇതാകട്ടെ കേരളത്തിലെ ആരോഗ്യ ചരിത്രത്തിലെ ഒരു ചരിത്ര നിമിഷവുമായി.

 

Latest