National
ഉത്തര്‍പ്രദേശില്‍ ബസിന് തീപ്പിടിച്ച് അഞ്ച് പേര്‍ വെന്തുമരിച്ചു
ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ബസാണ് കത്തിയത്

ലഖ്നോ | ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച് അഞ്ച് പേര്‍ വെന്തുമരിച്ചു. സ്ത്രീകളും കുട്ടികളുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ബസാണ് കത്തിയത്. മോഹന്‍ലാല്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
ബസില്‍ 70ഓളം യാത്രക്കാരുണ്ടായിരുന്നു. പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. ബസിന്റെ ചില്ല് തകര്‍ത്താണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. ബസിൻ്റെ പിറകിലുള്ള എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ സാധിക്കാതിരുന്നത് അപകടത്തിന് ആഴം കൂട്ടി. ഈ ഭാഗത്തുണ്ടായിരുന്ന യാത്രക്കാരാണ് ദുരന്തത്തിൽപ്പെട്ടതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. ബസ് പൂര്‍ണമായും കത്തി നശിച്ചു. തീപ്പിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അപകട സമയം പുലര്‍ച്ചെയായതിനാല്‍ റോഡില്‍ ആളുകള്‍ കുറവായിരുന്നു. ഇതുവഴി കടന്നുപോയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സമീപത്തെ അഗ്നിശമന സേനാ യൂനിറ്റിലെ ഉദ്യോഗസ്ഥരെത്തി തീ അണച്ചു.