Connect with us

Kerala

താന്‍ വിരല്‍ ഞൊടിച്ചാല്‍ പ്രതികരിക്കുന്ന സ്വന്തം അണികളുണ്ടെന്ന ഭീഷണിയുമായി കെ സുധാകരന്‍

കെ പി സി സി പ്രസിഡന്റിനെ മാറ്റുമ്പോള്‍ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റുകയാണ് പതിവെന്നും സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍ | കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പരസ്യ പ്രതികരണവുമായി കെ സുധാകരന്‍. താന്‍ വിരല്‍ ഞൊടിച്ചാല്‍ പ്രതികരിക്കുന്ന ആയിരക്കണക്കിന് അണികള്‍ സംസ്ഥാന വ്യാപകമായി ഉണ്ടെന്ന് പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതാണ് വിവിധ ചാനലുകളിലൂടെ സുധാകരന്‍ നടത്തിയ പ്രതികരണം.

കെ പി സി സി പ്രസിഡന്റിനെ മാറ്റുമ്പോള്‍ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റുകയാണ് പതിവ്. എന്നാല്‍ അത് ഉണ്ടായില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. തന്റേത് സ്വാഭാവിക മാറ്റമാണെന്ന് കരുതുന്നില്ലെന്നും മാറ്റിയ രീതിയോട് വിയോജിപ്പുണ്ടെന്നും വര്‍ക്കിങ് പ്രസിഡന്റുമാരുടെ നിയമനങ്ങള്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. തനിക്കൊപ്പമുള്ള പ്രവര്‍ത്തകര്‍ ജീവന്‍ പോലും തരാന്‍ തയ്യാറായി നില്‍ക്കുകയാണ്. അവര്‍ തനിക്കുവേണ്ടി മുദ്രാവാക്യം വിളിക്കുന്നവരാണ്. അവരെ ഒപ്പം കൂട്ടാന്‍ എനിക്ക് യാതൊരു പ്രയാസവുമില്ല.

താനൊന്ന് ഞൊടിച്ചാല്‍ അവര്‍ പത്തിരട്ടി ഞൊടിക്കും. നേതൃസ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് പരിചയസമ്പന്നരെയാണ്. കൂടുതല്‍ പറഞ്ഞാല്‍ നേതാക്കള്‍ക്ക് ഇന്‍സള്‍ട്ടുണ്ടാകും.താന്‍ പരിചയസമ്പന്നനായ നേതാവാണെന്നും നേതൃത്വത്തില്‍ നിന്ന് സംരക്ഷണം കിട്ടിയില്ലെന്ന വികാരം തനിക്കുണ്ടെന്നും കെ സുധാകരന്‍ തുറന്നടിച്ചു. തന്നെ മാറ്റിയ രീതി ശരിയാണോയെന്ന് നേതാക്കളോട് ചോദിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

അധ്യക്ഷ സ്ഥാനത്തുനിന്ന് മാറണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കി. രാഹുലും ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ നേതൃമാറ്റം ചര്‍ച്ചയായിരുന്നില്ല. നേതൃമാറ്റ തീരുമാനത്തിന് പിന്നില്‍ മറ്റാരുടെയൊക്കെയോ വക്രബുദ്ധിയുണ്ട്. തന്നെ മാറ്റണമെന്ന് നിര്‍ബന്ധം പിടിച്ചത് ദീപ ദാസ് മുന്‍ഷിയാണ്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി. ദീപാ ദാസ് മുന്‍ഷി ആരുടെയോ കയ്യിലെ കളിപ്പാവയാണെന്നും സുധാകരന്‍ ആരോപിച്ചു. രാവിലെ ദീപാദാസ് മുന്‍ഷിക്കെതിരെ പ്രതികരിച്ച കെ സുധാകരന്‍ പിന്നീട് അവര്‍ക്കെതിരെ ഒന്നും പറയുന്നില്ലെന്ന നിലപാടിലേക്കു മാറി.

സണ്ണി ജോസഫ് തന്റെ നോമിനി അല്ല. സണ്ണിയെ കോണ്‍ഗ്രസില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് താനാണ്. അദ്ദേഹവുമായുള്ളത് സഹോദരതുല്യമായ ബന്ധമാണ്. സണ്ണിയും താനും തമ്മിലുള്ള ബന്ധം പലരും ഇപ്പോഴാണ് മനസിലാക്കുന്നത്. സണ്ണി ക്രൈസ്തവ സഭയുടെ പ്രതിനിധിയല്ല. എന്നാല്‍ തന്നെ അനുനയിപ്പിക്കാനല്ല സണ്ണിയെ പ്രസിഡന്റാക്കിയത്. തന്നെ മാറ്റിയാല്‍ പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന ആവശ്യം തനിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇനിയും മത്സരിക്കും. പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍ കഴിവുള്ളവരാണ്. അതുപോലൊരു ടീം തനിക്ക് ഉണ്ടായിരുന്നെങ്കില്‍ കുറേക്കൂടി റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. തന്റെ നേതൃത്വം കേരളത്തില്‍ ആവശ്യമായിരുന്നു. തന്നെപ്പോലെ സി പി എമ്മുമായി ഫൈറ്റ് ചെയ്ത മറ്റൊരു അധ്യക്ഷനുമില്ല. ആ അംഗീകാരം എങ്കിലും തനിക്ക് ലഭിക്കുമെന്ന് കരുതിയെങ്കിലും തറ്റി. പിണറായിയോട് നേരിട്ട് ഫൈറ്റ് ചെയ്യാന്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ വേറെ ഏത് നേതാവുണ്ടെന്നും സുധാകരന്‍ ചോദിച്ചു. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തതിനാലാണ് ഡല്‍ഹിയില്‍ പോകാതിരുന്നതെന്നും സുധാകരന്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest