National
സി സി ടി വിയുടെ ഡി വി ആര്‍ എസ് ഐ കൊണ്ടുപോയി; ശിവഗംഗ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ക്ഷേത്രം അധികൃതര്‍
ഞെട്ടിക്കുന്ന നടപടിയെന്ന് മദ്രാസ് ഹൈക്കോടതി.

ചെന്നൈ | തമിഴ്‌നാട്ടിലെ ശിവഗംഗ കസ്റ്റഡിക്കൊലയില്‍ പോലീസിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ക്ഷേത്രം അധികൃതര്‍. സി സി ടി വിയുടെ ഡി വി ആര്‍ എസ് ഐ എടുത്തുകൊണ്ടു പോയെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കോടതിയെ അറിയിച്ചു. ഞെട്ടിക്കുന്ന നടപടിയാണ് ഇതെന്ന് കോടതി പറഞ്ഞു.
മദപുരം ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരന്‍ അജിത് കുമാറാണ് പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ അറസ്റ്റിലായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇന്നലെ ആണ് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നത്. മര്‍ദനത്തില്‍ അജിത്തിന്റെ ശരീരത്തില്‍ ക്ഷതമേറ്റതായി കണ്ടെത്തി. കേസില്‍ നേരത്തെ ആറ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായെന്ന ഭക്തയുടെ പരാതിയെ തുര്‍ന്നാണ് അജിത്തിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അന്വേഷണം നടക്കുന്നതിനിടെ കസ്റ്റഡിയില്‍ അജിത് കൊല്ലപ്പെടുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപസ്മാരം ഉണ്ടായി അജിത് മരിക്കുകയായിരുന്നു എന്നാണ് പോലീസ് ആദ്യം പറഞ്ഞത്. എന്നാല്‍, ഇത് വിശ്വസിക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയതോടെയാണ് അധികൃതര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.