Kerala
കോഴിക്കോട് ഗവ. മെഡി.കോളജിലെ 50 രൂപ സന്ദര്‍ശക ഫീസ് പിന്‍വലിച്ചു
സന്ദര്‍ശക നിയന്ത്രണം തുടരും

കോഴിക്കോട് | മെഡി.കോളജ് ആശുപത്രിയില്‍ സന്ദര്‍ശക നിയന്ത്രണം തുടരും. അമ്പത് രൂപ ഫീസ് വാങ്ങി സന്ദര്‍ശകരെ അനുവദിക്കാനുള്ള ആശുപത്രി വികസന സൊസൈറ്റി തീരുമാനം പിന്‍വലിച്ചു. ജില്ലാ കലക്്ടറുടെ അധ്യക്ഷതയില്‍ യുവജന സംഘടനകളുടെയും ആശുപത്രി അധികൃതരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സന്ദര്‍ശക ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് പൊതു ചര്‍ച്ചയിലൂടെ തീരുമാനമെടുക്കണമെന്ന കഴിഞ്ഞയാഴ്ച ചേര്‍ന്ന ആശുപത്രി വികസന സൊസൈറ്റി യോഗത്തിലെ ധാരണ പ്രകാരമാണ് ഇന്നലെ ജില്ലാ കലക്്ടർ യുവജന സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തത്. സന്ദര്‍ശക ഫീസ് ഈടാക്കുന്നതിനോട് ഭൂരിപക്ഷം യുവജന സംഘടനകളും എതിര്‍പ്പ് അറിയിച്ചു.
സന്ദര്‍ശക ഫീസ് അമ്പത് രൂപയായി വര്‍ധിപ്പിച്ചത് വികസന സൊസൈറ്റിക്ക് വരുമാനം വര്‍ധിപ്പിക്കാനല്ലെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു. ഫീസ് കൂടുതല്‍ നല്‍കേണ്ട സാഹചര്യത്തില്‍ സന്ദര്‍ശകരുടെ എണ്ണം കുറക്കാന്‍ കഴിയുമെന്നായിരുന്നു കണക്കുകൂട്ടല്‍. സന്ദര്‍ശകര്‍ വര്‍ധിക്കുന്നത് രോഗികളെ സംബന്ധിച്ചിടത്തോളം ആശാസ്യമല്ല.
കൂടാതെ, സന്ദര്‍ശകരില്‍ ഭൂരിഭാഗവും രോഗികള്‍ക്കും പരിചാരകര്‍ക്കും ഭക്ഷണം കൊണ്ടുവരുന്നത് കാരണം വേസ്റ്റ് വര്‍ധിക്കുന്നുണ്ടെന്നും മെഡി.കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജിത്കുമാറും സൂപ്രണ്ട് ഡോ. എം പി ശ്രീജയനും പറഞ്ഞു.