Kerala
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി; കെ യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പോലീസില്‍ പരാതി
ചൊവ്വാഴ്ച വൈകിട്ടാണ് കെ യു ജനീഷ് കുമാര്‍ പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ടു പോയത്.

പത്തനംതിട്ട | വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച സംഭവത്തില്‍ കോന്നി എംഎല്‍എ കെയു ജനീഷ് കുമാറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കി. ജോലി തടസപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് കെ യു ജനീഷ് കുമാര്‍ പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ടു പോയത്. ഇത് സംബന്ധിച്ച് മൂന്ന് പരാതികളാണ് കൂടല്‍ പോലീസ് സ്റ്റേഷനില്‍ വനം വകുപ്പ് നല്‍കിയത്. അതേ സമയം പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാളെയാണ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം ഇന്ന് ആരംഭിക്കും. വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സവേറ്റര്‍ക്കാണ് അന്വേഷണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഇന്ന് മൊഴി രേഖപ്പെടുത്തും.
സംഭവത്തില്‍ സിപിഎം എല്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.