Kerala
സൈഡ് കൊടുക്കാത്തതില്‍ പ്രകോപനം; കൊച്ചിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
സിഐഎസ്എഫ് എസ്ഐ വിനയ്കുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്താണ് അറസ്റ്റ് ചെയ്തത്.

കൊച്ചി | നെടുമ്പാശേരിയില്‍ ഇന്നലെ രാത്രിയില്‍ യുവാവ് കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് സിഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (24) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കാറിലുണ്ടായിരുന്ന സിഐഎസ്എഫ് എസ്ഐ വിനയ്കുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്താണ് അറസ്റ്റ് ചെയ്തത്.
വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് കൊലപാതകം. തര്‍ക്കത്തിന് പിന്നാലെ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള നായത്തോട് ഇന്നലെ രാത്രിയാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. അതിനിടെ ഐവിന്‍ മൊബൈലില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ഇതിന് പിന്നാലെ ഐവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് വീണ ഐവിനെ കുറച്ചുദൂരം വലിച്ചിഴച്ചു കൊണ്ടുപോയെന്നും എഫ്ഐആറില്‍ പറയുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് ഐവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഹോട്ടല്‍ ജീവനക്കാരനാണ് ഐവിന്‍.സംഭവത്തില്‍ നെടുമ്പാശേരി പോലീസ് ആണ് രണ്ടു സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ വിനയ്കുമാര്‍ ദാസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ കടന്നുകളഞ്ഞ മോഹനെ രാവിലെ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്. അതിനിടെ ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തര്‍ക്കിക്കുന്നതും വാഹനം ഇടിച്ചശേഷം യുവാവിനെ വലിച്ചുകൊണ്ട് പോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.