National
അര്‍ജുന്റെ രക്ഷാദൗത്യത്തില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി; ആറാം ദിവസവും തിരച്ചിൽ തുടരുന്നു
കര്‍ണാടക സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹരജിയില്‍ പറയുന്നു.

ന്യൂഡൽഹി | കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനാണ് ഹരജി സമര്‍പ്പിച്ചത്.
രക്ഷാദൗത്യത്തിന് കേന്ദ്ര, കര്‍ണാടക, കേരള സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.കര്‍ണാടക സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹരജിയില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് ദിവസം നടത്തിയ തിരച്ചിലില്‍ ഫലമുണ്ടായില്ല, തിരച്ചില്‍ ഊര്‍ജിതമല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ മണ്ണ് നീക്കം ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്തണം. ഇതിനായി എല്ലാ സേനകളുടെയും അടിയന്തര ഇടപെടല്‍ ഉണ്ടാകണം. അതിനായി കോടതി ഇടപെടണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.
അര്‍ജുന് വേണ്ടിയുളള തിരച്ചില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചത്.
ഇന്നലെ ലോറിയുണ്ടെന്ന് റഡാറില്‍ സൂചന ലഭിച്ചതിനെ തുടര്‍ന്ന് ആ സ്ഥലത്ത് മണ്ണ് നീക്കി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒന്നും തന്നെ ഇവിടെ നിന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഇന്ന് 11 മണിയോടെ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സൈന്യം 2 മണിയോടെ ഷിരൂരിലെത്തുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബെലഗാവിയില്‍ നിന്നാണ് 40 അംഗ സംഘം എത്തുന്നത്.