Uae
പാസ്പോർട്ടും ഫോണും മതി; ഇന്ത്യൻ യാത്രക്കാർക്ക് പണമിടപാട് എളുപ്പമാവും
ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ആണ് യു പി ഐ ഡിജിറ്റൽ സംബന്ധമായി നടന്ന മീഡിയ റൗണ്ട് ടേബിളിൽ ഈ വിവരം പങ്കുവെച്ചത്.

ദുബൈ | ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് താമസിയാതെ പണത്തിന്റെയോ ഒന്നിലധികം കാർഡുകളുടെയോ മറ്റ് പേയ്മെന്റ്സംവിധാനങ്ങളുടെയോ ആവശ്യമില്ലാതെ പാസ്പോർട്ട് മാത്രം ഉപയോഗിച്ച് യാത്ര ചെയ്യാനും പണം നൽകാനും സാധിക്കും. അതിവേഗം പുരോഗമിക്കുന്ന ഡിജിറ്റൽ പേയ്മെന്റ്സംവിധാനമാണ് ഇതിന് സഹായിക്കുന്നത്.
ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ആണ് യു പി ഐ ഡിജിറ്റൽ സംബന്ധമായി നടന്ന മീഡിയ റൗണ്ട് ടേബിളിൽ ഈ വിവരം പങ്കുവെച്ചത്. നാഷനൽ പെയ്‌മെന്റ‌് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ) മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ റിതേഷ് ശുക്ല ചടങ്ങിൽ സംബന്ധിച്ചു.
എല്ലാ പ്രധാന വ്യക്തിഗത സാമ്പത്തിക ഇടപാടുകളും യൂണിഫൈഡ് പേയ്മെന്റ‌്സ് ഇന്റർഫേസിലേക്ക് (യു പി ഐ) സംയോജിപ്പിച്ച് അന്താരാഷ്ട്ര ഇടപാടുകൾ എളുപ്പമാകും. ഇന്ത്യൻ യാത്രക്കാർക്കുള്ള അതിർത്തി കടന്നുള്ള യാത്രയും പണമിടപാട് അനുഭവവും ലളിതമാക്കുന്നതിനുള്ള സംരംഭത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഡിജിറ്റലായി തിരിച്ചറിയലും സാമ്പത്തിക ഇടപാടുകളും ഒരുമിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും എല്ലാം എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു എ ഇയിലുടനീളം യു പി ഐ സ്വീകാര്യത വർധിപ്പിക്കുന്നതിനുള്ള എൻ പി സി ഐ ഇന്റർനാഷണലിന്റെ ശ്രമങ്ങളുടെ തുടർച്ചയായാണിത്. ലുലു, ദുബൈ ഡ്യൂട്ടി ഫ്രീ പോലുള്ള പ്രധാന റീട്ടെയിൽ ശൃംഖലകൾ ഇതിനോടകം ക്യൂ ആർ കോഡ് ഉപയോഗിച്ചുള്ള യു പി ഐ പേയ്മെന്റുകൾ സ്വീകരിക്കുന്നുണ്ട്. അടുത്ത ഘട്ടം യു എ ഇയുടെ പ്രാദേശിക പേയ്മെന്റ്സംവിധാനമായ ആനിയുമായുള്ള കൂടുതൽ ആഴത്തിലുള്ള സംയോജനമാണ് ലക്ഷ്യമാക്കുന്നത്. ഇത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഡിജിറ്റൽ സാമ്പത്തിക ബന്ധം കൂടുതൽ മെച്ചപ്പെടുത്തും.