local body ward division
പാലക്കാട് നഗരസഭ എല്‍ ഡി എഫ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനുള്ള കോണ്‍ഗ്രസ്സ് കോര്‍ കമ്മിറ്റി തീരുമാനമാകാതെ പിരിഞ്ഞു ബി ജെ പിയിലും അനിശ്ചിതത്വം തുടരുന്നു
പാലക്കാട് | പാലക്കാട് നഗരസഭ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാലക്കാട് മുനിസിപല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി കെ നൗശാദ് 53 വാര്‍ഡുകളുള്ള പാലക്കാട് നഗരസഭയില്‍ 40 വാര്‍ഡുകളില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സി പി എം മുതിര്‍ന്ന നേതാവ് എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു.
പാലക്കാട് മുനിസിപാലിറ്റിയെ ബി ജെ പി നശിപ്പിച്ചുവെന്ന് എ കെ ബാലന്‍ പറഞ്ഞു. എൽ ഡി എഫ് നേതാക്കളായ സി പി പ്രമോദ്, വിജയന്‍ കുനിശ്ശേരി, ഡോ. പി സരിന്‍, എ രാമസ്വാമി, അഡ്വ. കുശലകുമാര്‍, കെ ആര്‍ ഗോപിനാഥ് സംസാരിച്ചു. കെ കൃഷ്ണന്‍കുട്ടി ചെയര്‍മാനും സി പി പ്രമോദ് സെക്രട്ടറിയുമായി 501 അംഗ എൽ ഡി എഫ് മുനിസിപല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപവത്കരിച്ചു.
അതേസമയം, ബി ജെ പിയിലും കോണ്‍ഗ്രസ്സിലും അസാധാരണ പ്രതിസന്ധി തുടരുകയാണ്. രണ്ട് തവണ ഭരണം പിടിച്ച ബി ജെ പി ഇത്തവണയും ഭരണം പിടിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും ചേരിപ്പോരും മൂലം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്സി കൃഷ്ണകുമാറിന്റെ പക്ഷക്കാരായ ഒരു വിഭാഗം ആളുകളെ സ്ഥാനാര്‍ഥികളാക്കി രംഗത്തിറക്കുന്നതില്‍ നഗരസഭാ ചെയര്‍പേഴ്‌സൻ പ്രമീളാ ശശിധരന്‍, മുതിര്‍ന്ന നേതാവും കൗണ്‍സിലറുമായ എന്‍ ശിവരാജന്‍ തുടങ്ങിയവര്‍ രംഗത്തുവന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇതിനെ തുടര്‍ന്ന് ആര്‍ എസ് എസും സംസ്ഥാന നേതൃത്വവും ഇടപെട്ടെങ്കിലും സമവായത്തിലെത്താൻ സാധിക്കാത്തതാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് തടസ്സമായി നില്‍ക്കുന്നത്.
കോണ്‍ഗ്രസ്സിലും സമാനമായ സ്ഥിതിയാണ് ഉടലെടുത്തിരിക്കുന്നത്. നിലവില്‍ 53 വാര്‍ഡുകളില്‍ പത്തില്‍ താഴെ സീറ്റുകളിലാണ് ധാരണയായിട്ടുള്ളത്. ജയസാധ്യതയുള്ള വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളാകാന്‍ നീണ്ടനിരയാണ്. ചിലര്‍ക്ക് സീറ്റ് കൊടുത്താല്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നു വരെ ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്്.
തര്‍ക്കം പരിധി വിട്ടതോടെ സ്ഥാനാര്‍ഥി പട്ടികയിൽ അന്തിമ തീരുമാനമെടുക്കാന്‍ കെ പി സി സി നേതാക്കളടക്കം ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. ഇന്നലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും മണ്ഡലം പ്രസിഡന്റുമാരായ സേവ്യര്‍, രമേശ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബഹളത്തില്‍ കലാശിച്ചു. ഇതോടെ കോർ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇന്ന് ചേരുന്ന കോർ കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
ഇത്തവണ നഗരസഭാ ഭരണം പിടിക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സ്ഥാനാര്‍ഥിപ്പട്ടികയിൽ പോര് മുറുകുന്നത്. ബി ജെ പി, കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടിക അനിശ്ചിതത്വത്തില്‍ നീളുന്നതിനിടെ സർക്കാറിന്റെ വികസന നേട്ടങ്ങളും ബി ജെ പി നഗരസഭാ ഭരണത്തിന്റെ അഴിമതിയും ഉയര്‍ത്തി കാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് എല്‍ ഡി എഫ് തീരുമാനം.



