Kerala
ഓപ്പറേഷന്‍ റൈഡര്‍;മദ്യപിച്ച് വാഹനം ഓടിച്ച കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അടക്കം 17 പേര്‍ പിടിയില്‍
പിടിയിലായവരില്‍ അഞ്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമുണ്ട്

കൊല്ലം| കൊല്ലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ കെസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പടെ 17 ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. പിടിയിലായവരില്‍ അഞ്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമുണ്ട്. പരിശോധന രണ്ടര മണിക്കൂര്‍ നീണ്ടുനിന്നും
കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണിന്റെ നിര്‍ദേശ പ്രകാരം ഓപ്പറേഷന്‍ റൈഡര്‍ എന്ന പേരില്‍ കൊല്ലം സിറ്റി പരിധിയിലായിരുന്നു പരിശോധന. മധ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. കൊല്ലം എസിപി ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഒരു കെഎസ്ആര്‍ടിസി ബസ്, പത്ത് സ്വകാര്യ ബസുകള്‍, അഞ്ച് സ്‌കൂള്‍ ബസുകള്‍, ഒരു ടെമ്പോ ട്രാവലര്‍ എന്നിവയുടെ ഡ്രൈവര്‍മാരാണ് പിടിയിലായത്. പിടിയിലായ 17 പേരെയും വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് എത്തിച്ചിട്ടുണ്ട്.
പരിശോധന തുടരുമ്പോള്‍ ഡ്രൈവര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പ് വഴി പരിശോധന വിവരങ്ങള്‍ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്ക് ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് പലയിടത്തും സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തി വച്ചതായും ആക്ഷേപം ഉണ്ട്. വരും ദിവസങ്ങളിലും ഓപ്പറേഷന്‍ റൈഡര്‍ തുടരും.