Connect with us

International

ഇടനാഴികള്‍ തുറന്ന് ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളെത്തിക്കൂ; ബന്ദികൾക്കും നൽകാമെന്ന് നെതന്യാഹുവിനോട് ഹമാസ്

ഇസ്റാഈൽ പട്ടിണിക്കിട്ട് കൊല്ലുകയെന്ന നയം തുടരുന്നതിനാല്‍ ബന്ദികള്‍ക്ക് മാത്രമായി പ്രത്യേക ഭക്ഷണാനുകൂല്യം നല്‍കില്ല

Published

|

Last Updated

ഗസ്സ സിറ്റി | ഭക്ഷ്യക്ഷാമം രൂക്ഷമായ ഗസ്സയിൽ ഹമാസിൻ്റെ തടവിലുള്ള എല്ലും തോലുമായ ഇസ്റാഈൽ ബന്ദികളെ സഹായിക്കാന്‍ ഗസ്സയിലേക്കുള്ള മാനുഷിക സഹായ ഇടനാഴികള്‍ തുറന്ന് ഭക്ഷണവും സഹായവസ്തുക്കളും അനുവദിച്ചാല്‍ റെഡ് ക്രോസ്സിനെ അനുവദിക്കാമെന്നാണ് ഹമാസ്. ഹമാസ് പുറത്തുവിട്ട ബന്ദികളുടെ  ദൃശ്യങ്ങള്‍ കണ്ടതോടെ അവര്‍ക്ക് റെഡ്‌ക്രോസ്സ് സഹായമെത്തിക്കണമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അഭ്യര്‍ഥിച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് തടവിലുള്ള ബന്ദിയുടെ എല്ലും തോലുമായ ദൃശ്യങ്ങള്‍ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടത്. ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഉപരോധത്തിന്റെ ഇരകളില്‍ ഇസ്രായേല്‍ പൗരന്മാരുമുണ്ടെന്ന് ഓര്‍മിപ്പിച്ചാണ് അല്‍ ഖസ്സാം ബ്രിഗേഡ് വീഡിയോ പുറത്തുവിട്ടത്. ഗസ്സയിലെ തുരങ്കത്തിനുള്ളില്‍ പട്ടിണികിടന്ന് മെലിഞ്ഞൊട്ടി, എല്ലുകള്‍ ഉന്തിയ ശരീരവുമായി സ്വന്തം ശവക്കുഴി ഒരുക്കുന്ന ബന്ദിയുടെ ദൃശ്യമായിരുന്നു പുറത്തുവന്നത്. പിന്നാലെ ഇസ്റാഈലിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം കടുത്തു.

കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം വിശന്നുമരിക്കുന്ന ഗസ്സയില്‍ നിന്ന് ഒരു ഇസ്റാഈല്‍ പൗരന്റെ പട്ടിണിക്കോലം ലോകത്തിന് മുന്നിലെത്തിയതോടെയാണ് നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമായത്. ഇതോടെ ബന്ദികള്‍ക്ക് റെഡ്‌ക്രോസ്സ് സഹായമെത്തിക്കണമെന്ന് നെതന്യാഹു അഭ്യര്‍ഥിക്കുകയായിരുന്നു. റെഡ്‌ക്രോസ്സ് തലവന്‍ ജൂലിയന്‍ ലെറിസണെ ടെലിഫോണില്‍ വിളിച്ചാണ് അഭ്യര്‍ഥന നടത്തിയത്.

ഗസ്സ മുനമ്പിലെ എല്ലാ പ്രദേശങ്ങളിലേക്കും ഭക്ഷണവും മരുന്നും എത്തിക്കുന്നതിനായി മാനുഷിക ഇടനാഴികള്‍ തുറന്നാല്‍, ശത്രു തടവുകാര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാനുള്ള റെഡ് ക്രോസ്സിന്റെ അഭ്യര്‍ഥനക്ക് അനുകൂലമായി പ്രതികരിക്കാന്‍ തയ്യാറാണെന്നാണ് അല്‍- ഖസ്സാം ബ്രിഗേഡ് പ്രസ്താവനയില്‍ അറിയിച്ചത്. ഇസ്റാഈൽ പട്ടിണിക്കിട്ട് കൊല്ലുക എന്ന നയം സ്വീകരിക്കുന്നതിനാല്‍ ബന്ദികള്‍ക്ക് മാത്രമായി പ്രത്യേക ഭക്ഷണ ആനുകൂല്യമൊന്നും നല്‍കാനാകില്ലെന്ന് ഹമാസ് വ്യക്തമാക്കി.

Latest