Kerala
ഓൺലൈൻ ഗെയിം; പത്താം ക്ലാസ്സ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
മാതാവിന്റെ ഫോണിൽ ഡെവിൾ എന്ന ഗെയിം ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തി

നെടുമ്പാശ്ശേരി | ഓൺലൈൻ ഗെയിമിലെ ടാസ്‌ക് സമ്മർദത്തെ തുടർന്ന് പത്താം ക്ലാസ്സ് വിദ്യാർഥി ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്‌നലി(15)നെയാണ് വീടിനകത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷം ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ അഗ്്നൽ ഏറെ കഴിഞ്ഞിട്ടും പുറത്തേക്ക് വന്നില്ല. വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവറായ ജെയ്മി ജോലി കഴിഞ്ഞ് വീട്ടിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും മകന്റെ മുറിയുടെ വാതിൽ തുറക്കാതായതോടെ ചവിട്ടിത്തുറന്നപ്പോഴാണ് കുട്ടിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശരീരമാകെ മഴക്കോട്ട് കൊണ്ട് മൂടി കൈകളും കാലുകളും കെട്ടി വായ ടേപ് കൊണ്ട് അടച്ച നിലയിലായിരുന്നു. മാതാവിന്റെ ഫോണിൽ ഡെവിൾ എന്ന ഗെയിം ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തുടരന്വേഷണത്തിനായി ഫോൺ പോലീസ് പരിശോധിച്ചു വരികയാണ്. മാതാവ്: കുരിയിക്ക വീപ്പാടൻ ജിനി. സഹോദരൻ: എയ്ഞ്ചൽ.