Connect with us

Kerala

പാട്ടത്തിനെടുത്ത സ്ഥലത്ത് കഞ്ചാവ് കൃഷി; ഒരാള്‍ അറസ്റ്റില്‍

ഇയാളുടെ കടയില്‍ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും പൊലിസ് പിടിച്ചെടുത്തു

Published

|

Last Updated

പത്തനംതിട്ട |  പാട്ടത്തിനെടുത്ത സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്തയാള്‍ അറസ്റ്റില്‍. കോഴഞ്ചേരി ചെറുകോല്‍ കോട്ടപ്പാറ വിപിന്‍ സദനം(മനയത്രയില്‍ വീട്) വിജയകുമാര്‍(59)ആണ് അറസ്റ്റിലായത്. ജില്ലാ പോലിസ് മേധാവി ആര്‍ ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇയാള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ചെറുകോലുള്ള പറമ്പില്‍ വിവിധ ഇടങ്ങളില്‍ നട്ടുവളര്‍ത്തിയ നിലയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ കടയില്‍ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും പൊലിസ് പിടിച്ചെടുത്തു. വീട്ടില്‍ ഭാര്യയും മരുമക്കളും മറ്റുമായി കുടുംബമായി താമസിച്ചുവരികയാണ് വിജയകുമാര്‍.

ഡോഗ് സ്‌ക്വാഡും പോലീസിന്റെ പരിശോധനയില്‍ പങ്കെടുത്തു. പാട്ടത്തിനെടുത്ത പുരയിടത്തില്‍ തെങ്ങ്, വാഴ, ഇഞ്ചി, ചേമ്പ് തുടങ്ങിയ കാര്‍ഷിക വിഭവങ്ങള്‍ക്കിടയിലാണ് പ്രതി കഞ്ചാവ് പരിപാലിച്ച് വളര്‍ത്തിയത്. പത്തനംതിട്ട ഡി വൈ എസ് പി എസ് നൂമാന്‍, നര്‍കോട്ടിക് സെല്‍ ഡിവൈ എസ് പി ബി അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ വനിതാ എസ് ഐ കെ ആര്‍ ഷെമിമോള്‍, ആറന്‍മുള പൊലിസ് ഇന്‍സ്പെക്ടര്‍ വി എസ് പ്രവീണ്‍, ജൂനിയര്‍ എസ് ഐ ഹരികൃഷ്ണന്‍, എസ് സി പി ഓമാരായ എസ് ഉമേഷ്, ബിന്ദുലാല്‍, സ്പെഷ്യല്‍ ബ്രാഞ്ച് ആറന്മുള ഫീല്‍ഡ് ഓഫീസര്‍ ടി തിലകന്‍, സി പി ഓമാരായ സുരേഷ്, സഫൂറ മോള്‍, അനൂപ്, സുമന്‍ സോമരാജന്‍, എം രാഹുല്‍ എന്നിവരടങ്ങിയ സബ്ഡിവിഷന്‍ ഡാന്‍സാഫ് സംഘത്തിലെ അംഗങ്ങളാണ് റെയ്ഡില്‍ പങ്കെടുത്തത്. പത്തനംതിട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ അരുണ്‍ അശോകനും സ്ഥലത്ത് എത്തിയിരുന്നു.

 

Latest