Techno
നത്തിങ് ഇയര്‍ 1 ട്രൂ വയര്‍ലെസ് ഇയര്‍ബഡുകള്‍ ഇനി ഇന്ത്യയിലും
ഒരു തവണ നത്തിങ് ഇയര്‍ 1 പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 5.7 മണിക്കൂര്‍ വരെ ഉപയോഗിക്കുവാന്‍ സാധിക്കും.
ന്യൂഡല്‍ഹി| നത്തിങ് ഇയര്‍ 1 ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ബഡുകള്‍ ഓഗസ്റ്റ് 31 ന് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയാണ് വില്‍പ്പനയ്‌ക്കെത്തുക. വണ്‍പ്ലസ് കോ-ഫൗണ്ടര്‍ കാള്‍ പേയുടെ സപ്പോര്‍ട്ടുമായി യുകെ ആസ്ഥാനമായുള്ള ഇലക്ട്രോണിക്സ് ബ്രാന്‍ഡായ നത്തിങ് ജൂലൈയില്‍ പുതിയ ടിഡബ്ല്യൂഎസ് ഇയര്‍ബഡുകള്‍ അവതരിപ്പിച്ചിരുന്നു. നത്തിങ് ഇയര്‍ 1 ഇയര്‍ബഡുകള്‍ ആക്റ്റീവ് നോയ്സ് ക്യാന്‍സലിങ്ങ്, വയര്‍ലെസ് ചാര്‍ജിങ്ങ് ഉള്‍പ്പെടെയുള്ള പ്രീമിയം സവിശേഷതകളോടെയാണ് വരുന്നത്. ഓപ്പോ, സോണി, സാംസങ്, സൗണ്ട്‌കോര്‍ ബൈ ആങ്കര്‍ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള മിഡ് റേഞ്ച് ടിഡബ്ല്യൂഎസ് ഇയര്‍ബഡുകളുമായാണ് ഇത് വിപണിയില്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 മണിക്കാണ് നത്തിങ് ഇയര്‍ 1 ട്രൂ ഇയര്‍ബഡുകള്‍ വില്‍പന ആരംഭിക്കുന്നത്. ഇന്ത്യയില്‍, 5,999 രൂപയാണ് നത്തിങ് ഇയര്‍ 1 ട്രൂ ഇയര്‍ബഡുകളുടെ വില. സുതാര്യമായ കേസില്‍ വരുന്ന ഇയര്‍ബഡുകള്‍ക്ക് വെളുത്തതും സുതാര്യവുമായ ഡിസൈനാണുള്ളത്. വില്‍പ്പന ഓഫറുകള്‍ പ്രീ-ഓര്‍ഡര്‍ ഓഫറുകള്‍ക്ക് സമാനമാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഈ ഇയര്‍ബഡുകള്‍ വാങ്ങുമ്പോള്‍ 500 രൂപ തല്‍ക്ഷണ കിഴിവ്, ഗാന പ്ലസിന്റെ ആറ് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ലഭിക്കും.
യുഎസ്ബി ടൈപ്പ്-സി, ക്യൂഐ വയര്‍ലെസ് ചാര്‍ജിംങ് എന്നിവയാണ് നത്തിങ് ഇയര്‍ 1 ട്രൂ വയര്‍ലെസ്സ് ഇയര്‍ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെയ്സില്‍ ഇയര്‍ഫോണ്‍ വെക്കുമ്പോള്‍ കാന്തികമായി ബാറ്ററി ചാര്‍ജ് ചെയ്യും. ഒരു തവണ നത്തിങ് ഇയര്‍ 1 പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 5.7 മണിക്കൂര്‍ വരെ ഉപയോഗിക്കുവാന്‍ സാധിക്കും. കെയ്സ് 34 മണിക്കൂര്‍ നേരത്തേക്ക് ചാര്‍ജ് ചെയ്യാവുന്നതാണ്. യുഎസ്ബി ടൈപ്പ്-സി വഴിയുള്ള ഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിച്ചാല്‍ 10 മിനിറ്റ് കൊണ്ട് 8 മണിക്കൂര്‍ ചാര്‍ജ് കിട്ടും.


