Uae
പുതിയ സ്‌കൂള്‍ ബസ് യാത്രാ പദ്ധതി; യാത്രാ നിരക്കില്‍ 15 ശതമാനം വരെ കുറവുണ്ടാകും
പദ്ധതിയിലൂടെ സ്‌കൂള്‍ ബസ് നിരക്കില്‍ 15 ശതമാനം വരെ കുറവുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 49 ശതമാനം വിദ്യാര്‍ഥികളാണ് സ്‌കൂള്‍ ബസ് ഉപയോഗിക്കുന്നത്. ഇത് 60 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ദുബൈ | സ്‌കൂള്‍ ബസ് ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് കുറക്കുന്നതിനുമായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) പുതിയ പദ്ധതി പ്രഖ്യാപിച്ചു. ‘സ്‌കൂള്‍ ട്രാന്‍സ്പോര്‍ട്ട് ഷെയറിംഗ്’ എന്ന ഈ പദ്ധതിയിലൂടെ സ്‌കൂള്‍ ബസ് നിരക്കില്‍ 15 ശതമാനം വരെ കുറവുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 49 ശതമാനം വിദ്യാര്‍ഥികളാണ് സ്‌കൂള്‍ ബസ് ഉപയോഗിക്കുന്നത്. ഇത് 60 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ഒരേ പ്രദേശത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ഒരുമിച്ച് ഒരു ബസ്സില്‍ കൊണ്ടുപോകുന്ന രീതിയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ഇത് യാത്രാ സമയം 35 മുതല്‍ 40 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും. ഉദാഹരണത്തിന്, 40 മിനുട്ട് എടുക്കുന്ന യാത്ര 25 മിനുട്ടായി ചുരുങ്ങും. ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക ഇളവുകളും ലഭിക്കും.
സ്‌കൂള്‍ പരിസരങ്ങളിലെ തിരക്ക് കുറക്കാനും രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനുമാണ് ആര്‍ ടി എ ഇതിലൂടെ ശ്രമിക്കുന്നത്. രണ്ടാം പാദത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ പദ്ധതിയുടെ ഫലം വിലയിരുത്തിയ ശേഷം അടുത്ത അധ്യയന വര്‍ഷം മുതല്‍ ദുബൈയിലെ എല്ലാ മേഖലകളിലും ഇത് നടപ്പിലാക്കും. അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളും സുരക്ഷാ ക്യാമറകളും ബസ്സുകളില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ആര്‍ ടി എ പ്ലാനിംഗ് വിഭാഗം ഡയറക്ടര്‍ ആദില്‍ ശാക്രി പറഞ്ഞു.





