Kerala
കൊണ്ടോട്ടി മൊറയൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; മരണം നാലായി
ഇബ്രാഹിമിന്റെ മകന്‍ ബാസിതിനെ സൗദിയിലേക്ക് യാത്രയാക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങുമ്പോള്‍ ആണ് അപകടമുണ്ടായത്.
കോഴിക്കോട്| കൊണ്ടോട്ടി മൊറയൂര്‍ വാലഞ്ചേരിയില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍
മരണം നാലായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി പുല്ലാര സ്വദേശി പാറോക്കോടന്‍ ഇബ്രാഹിം(45) ആണ് ഇന്ന് രാവിലെ മരിച്ചത്. പാലക്കാട് സ്വദേശി സക്കീന, ബാസില, കാര്‍ ഓടിച്ച ഷിയാസ് എന്നിവര്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
ഇബ്രാഹിമിന്റെ മകന്‍ ബാസിതിനെ സൗദിയിലേക്ക് യാത്രയാക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങുമ്പോള്‍ ആണ് അപകടമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വാഹനം ഓടിച്ചിരുന്ന ബാസിതിന്റെ സുഹൃത്തായിരുന്ന ഷിയാസിന്റെ വിവാഹം ഏപ്രില്‍ 18ന് നടക്കാനിരിക്കെയാണ് വിയോഗം.
ബാസിതിനെ യാത്രയാക്കി മടങ്ങവെ കാര്‍ മൊറയൂര്‍ വാലഞ്ചേരിയില്‍വെച്ച് ബസുമായികൂട്ടിയിടിക്കുകയായിരുന്നു. ബാസിതിന്റെ ഭാര്യയും ചികിത്സയിലാണ്. അതേസമയം അപകടവിവരമറിഞ്ഞ് ബാസിത് യാത്ര ഉപേക്ഷിച്ച് വിമാനത്താവളത്തില്‍നിന്നും പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് മടങ്ങിയിരുന്നു. അപകടത്തില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തിട്ടുണ്ട്.






