International
നെതന്യാഹു സുരക്ഷിതനെന്ന് ഓഫീസ്; എഐ വീഡിയോ പ്രചാരണം തള്ളി ഇസ്റാഈൽ
യുഎസ്-ഇസ്റാഈൽ-ഇറാൻ യുദ്ധം തുടരുന്നതിനിടെ നെതന്യാഹു പങ്കുവെച്ച വീഡിയോയെ ചൊല്ലിയുണ്ടായ തർക്കങ്ങളാണ് അഭ്യൂഹങ്ങൾക്ക് വഴിതെളിച്ചത്.
ടെൽഅവീവ് | ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ്. നെതന്യാഹു സുരക്ഷിതനാണെന്നും പ്രചരണങ്ങളിൽ വസ്തുതയില്ലെന്നും അനഡോലു ഏജൻസിയുടെ ചോദ്യത്തിന് മറുപടിയായി ഓഫീസ് അറിയിച്ചു. യുഎസ്-ഇസ്റാഈൽ-ഇറാൻ യുദ്ധം തുടരുന്നതിനിടെ നെതന്യാഹു പങ്കുവെച്ച വീഡിയോയെ ചൊല്ലിയുണ്ടായ തർക്കങ്ങളാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് വഴിതെളിച്ചത്.
നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിൽ വെള്ളിയാഴ്ച പങ്കുവെച്ച വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന ആരോപണം ശക്തമായിരുന്നു. വീഡിയോയുടെ ഒരു ഘട്ടത്തിൽ നെതന്യാഹുവിന്റെ വലതുകൈയിൽ ആറ് വിരലുകൾ ദൃശ്യമാകുന്നുണ്ടെന്നും ഇത് എഐ സാങ്കേതികവിദ്യയിലെ പിഴവാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ വാദിച്ചു. പശ്ചാത്തലത്തിലെ കർട്ടനുകളുടെ ചലനവും ഇസ്റാഈൽ പതാകകൾ നിശ്ചലമായിരിക്കുന്നതും വീഡിയോ വ്യാജമാണെന്ന സംശയത്തിന് ആക്കം കൂട്ടി. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷക കാൻഡേസ് ഓവൻസ് ഉൾപ്പെടെയുള്ളവർ നെതന്യാഹു എവിടെയാണെന്ന ചോദ്യവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ എക്സിന്റെ എഐ ചാറ്റ്ബോട്ടായ ഗ്രോക്ക് തള്ളി. ദൃശ്യങ്ങളിലെ നിഴലുകളോ കൈകളുടെ പ്രത്യേക ആംഗിളോ മൂലമുണ്ടായ ഒപ്റ്റിക്കൽ ഇല്യൂഷൻ മാത്രമാണിതെന്നും ഔദ്യോഗിക ദൃശ്യങ്ങളിൽ അദ്ദേഹത്തിന് അഞ്ച് വിരലുകൾ തന്നെയാണുള്ളതെന്നും ഗ്രോക്ക് വ്യക്തമാക്കി. വാർത്താ ചാനലുകളിലെന്നപോലെ ഫേക്ക് ബാക്ക്ഗ്രൗണ്ടുകൾ ഉപയോഗിക്കുന്നത് വീഡിയോ വ്യാജമാണെന്നതിന് തെളിവല്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്-ഇസ്റാഈൽ-ഇറാൻ യുദ്ധം 16-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധം രൂക്ഷമായതോടെ ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ആഗോളതലത്തിൽ പ്രതിദിനം 20 ദശലക്ഷം ബാരൽ എണ്ണയും 20 ശതമാനം ദ്രവീകൃത പ്രകൃതിവാതകവും കടന്നുപോകുന്ന ഈ പാത അടച്ചത് ആഗോള വ്യാപാരത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Summary
The Israeli Prime Minister’s Office has dismissed social media rumors claiming Benjamin Netanyahu was assassinated, confirming he is safe. The rumors were fueled by a video alleged to be AI-generated due to visual glitches, which experts and AI tools later clarified as optical illusions. Meanwhile, the US-Israel-Iran war enters its 16th day following the death of Iran’s Supreme Leader, leading to the strategic closure of the Strait of Hormuz by Iran.






