Connect with us

From the print

വിലക്കയറ്റവും തൊഴിലില്ലായ്മയും മിണ്ടിയില്ല: മോദി മന്ദിര്‍ എന്ന് ഉച്ചരിച്ചത് 421 തവണ

തന്റെ സ്വന്തം പേര് 758 തവണ ആവര്‍ത്തിച്ചു. മുസ്ലിം, പാകിസ്താന്‍, ന്യൂനപക്ഷങ്ങള്‍ എന്ന് 224 തവണ മൊഴിഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞ 15 ദിവസത്തിനിടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്ദിര്‍’ എന്ന വാക്ക് ഉച്ചരിച്ചത് 421 തവണയാണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തന്റെ സ്വന്തം പേര് 758 തവണ ആവര്‍ത്തിച്ചു. മുസ്ലിം, പാകിസ്താന്‍, ന്യൂനപക്ഷങ്ങള്‍ എന്ന് 224 തവണ മൊഴിഞ്ഞു. എന്നാല്‍ ഒരിക്കല്‍ പോലും വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പരാമര്‍ശിച്ചില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

കോണ്‍ഗ്രസ്സ് എന്ന് ആവര്‍ത്തിച്ചത് 232 തവണയാണ്. ഇന്ത്യ സഖ്യമെന്നത് 573 തവണ ഉപയോഗിച്ചു. പ്രധാന വിഷയങ്ങള്‍ അവഗണിച്ച് സ്വയം പുകഴ്ത്തുകയായിരുന്നു മോദിയെന്നും അദ്ദേഹം തുറന്നടിച്ചു. മോദി നടത്തിയ വിഭജന പ്രസംഗങ്ങളില്‍ ഒരു നടപടിയുമെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ല. ഇന്ത്യ സഖ്യം സര്‍ക്കാറുണ്ടാക്കുമെന്നുറപ്പാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദേശീയ കാഴ്ചപ്പാടുള്ള, വികസനോന്‍മുഖ സര്‍ക്കാറായിരിക്കും അതെന്നും ഖാര്‍ഗെ പറഞ്ഞു.

വിവേകാനന്ദപ്പാറയില്‍ ഇരുന്നാല്‍….
വിവേകാനന്ദപ്പാറയില്‍ ഇരുന്നാലോ ഗംഗാ നദിയില്‍ മുങ്ങിക്കുളിച്ചാലോ ഗാന്ധിജിയെ മനസ്സിലാക്കാന്‍ കഴിയില്ലെന്നും അതിന് പഠിക്കുക തന്നെ വേണമെന്നും മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള സിനിമ ഇറങ്ങുംവരെ അദ്ദേഹത്തെ ലോകത്തിന് അറിയില്ലായിരുന്നുവെന്ന മോദിയുടെ പരാമര്‍ശത്തോട് പ്രതികരിക്കവേ ഖാര്‍ഗേ പറഞ്ഞു. ജൂണ്‍ നാലിന് ശേഷം മോദിക്കും മറ്റ് ബി ജെ പി നേതാക്കള്‍ക്കും ഗാന്ധിയെക്കുറിച്ച് വായിക്കാന്‍ ധാരാളം സമയം ലഭിക്കും. അവര്‍ അദ്ദേഹത്തിന്റെ ജീവചരിത്രവും എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ആത്മകഥയും നിര്‍ബന്ധമായും വായിക്കണം. മഹാത്മാഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ലെങ്കില്‍, ഭരണഘടനയെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടാകില്ലെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു.

 

Latest