Uae
നോര്‍ക്ക കെയര്‍ സംഘടനാ ഭാരവാഹികളുടെ യോഗം ആഗസ്റ്റ് 22 മുതല്‍ 24 വരെ യു എ ഇ യില്‍
സമഗ്ര ആരോഗ്യ അപകട ഇന്‍ഷ്വറന്‍സ് നോര്‍ക്ക കെയര്‍ പദ്ധതിയുടെ ആഗോള രജിസ്‌ട്രേഷന്‍ ഡ്രൈവ് സെപ്തംബര്‍ 22 മുതല്‍ ഒരു മാസക്കാലം ഗള്‍ഫ് മേഖലയില്‍.

അബൂദബി | പ്രവാസി തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്‌സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷ്വറന്‍സ് നോര്‍ക്ക കെയര്‍ പദ്ധതിയുടെ ആഗോള രജിസ്‌ട്രേഷന്‍ ഡ്രൈവ് സെപ്തംബര്‍ 22 മുതല്‍ ഒരു മാസക്കാലം ഗള്‍ഫ് മേഖലയില്‍ ഒരുക്കും. നോര്‍ക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചതാണ് ഇക്കാര്യം. പ്രവാസജീവിത കാലയളവില്‍ ചികിത്സാ ചെലവുകള്‍ക്കായി തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നീക്കിവെക്കേണ്ടിവരുന്നവര്‍ക്കുള്ളതാണ് പദ്ധതി.
ഇതിന്റെ ഗുണഫലങ്ങള്‍ പ്രവാസി കേരളീയരിലേക്ക് എത്തിക്കുന്നതിനും പരമാവധി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുമായി തിരഞ്ഞെടുത്ത മലയാളി പ്രവാസി സംഘടനകളുടെ ഭാരവാഹികളെയും ലോകകേരളസഭ അംഗങ്ങളെയും ഉള്‍പ്പടുത്തി സംഘടിപ്പിക്കുന്ന യോഗം യു എ ഇയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ (അബൂദബി, ദുബൈ , ഷാര്‍ജ) ആഗസ്റ്റ് 22 മുതല്‍ 24 വരെയുള്ള തീയതികളില്‍ നടക്കും.
അബൂദബി, അല്‍ ഐന്‍ മേഖലാ യോഗം അബൂദബി ബീച്ച് റൊന്‍ടാന ഹോട്ടലില്‍ ആഗസ്റ്റ് 22 വെള്ളിയാഴ്ച വൈകീട്ട് 7.30നും, ദുബൈ മേഖലാ യോഗം 24 ന് ഞായറാഴ്ച രാവിലെ പത്തിന് ദുബൈ ഗ്ലെന്‍ഡേല്‍ സ്‌കൂളിലും ഷാര്‍ജ, അജ്മാന്‍, ഉം അല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ മേഖലകളുടെ യോഗം അന്നേ ദിവസം വെകീട്ട് ആറിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലും നടക്കും. പ്രത്യേകം ക്ഷണിക്കപ്പെട്ട സംഘടനാ ഭാരവാഹികള്‍ക്ക് മാത്രമാണ് യോഗത്തില്‍ പ്രവേശനം അനുവദിക്കുക.