Connect with us

Kerala

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ല; സ്വര്‍ണപ്പാളികള്‍ നല്‍കുമ്പോള്‍ താന്‍ ബന്ധപ്പെട്ട ഒരു സ്ഥാനത്തുമില്ല: ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍ വാസു

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ-മെയില്‍ ലഭിച്ചപ്പോള്‍ ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങണമെന്ന് മറുപടി നല്‍കുകയും ആ ഇ-മെയില്‍ തിരുവാഭരണം കമ്മീഷണര്‍ക്ക് കൈമാറുകയുമായിരുന്നുവെന്നും വാസു

Published

|

Last Updated

തിരുവനന്തപുരം |  ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു. ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നും വാസു മാധ്യമങ്ങളോട് പറഞ്ഞു

അതേ സമയം പോറ്റിയുടെ ഇ- മെയില്‍ ലഭിച്ചെന്ന കാര്യം എന്‍ വാസു സ്ഥിരീകരിച്ചു. 2019 ഡിസംബര്‍ ഒന്‍പതിനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഇ-മെയില്‍ അയച്ചത്. ദ്വാരകപാലകരുടെയും ശ്രീകോവിലിന്റെ മുഖ്യ വാതിലിന്റെയും ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തന്റെ പക്കല്‍ സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് മെയിലിലുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ-മെയില്‍ ലഭിച്ചപ്പോള്‍ ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങണമെന്ന് മറുപടി നല്‍കുകയും ആ ഇ-മെയില്‍ തിരുവാഭരണം കമ്മീഷണര്‍ക്ക് കൈമാറുകയുമായിരുന്നുവെന്നും വാസു പറഞ്ഞു..

കമ്മീഷണര്‍ക്ക് ഇ-മെയില്‍ കൈമാറിയത് സ്വാഭാവിക നടപടിയാണ്. തിരുവാഭരണം കമ്മീഷണര്‍ നടപടിയെടുത്തിട്ടില്ല. തന്റെ നടപടിയില്‍ ഒരു പിശകും കാണുന്നില്ല. പരിശോധിക്കേണ്ട ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണര്‍ക്കാണ്. .സ്വര്‍ണപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ നല്‍കുമ്പോള്‍ താന്‍ കമ്മീഷണറോ പ്രസിഡന്റോ ആയിരുന്നില്ല. വാതില്‍ മാറ്റാന്‍ തനിക്കു മുന്നേ തീരുമാനമെടുത്തുവെന്നും എന്‍ വാസു വ്യക്തമാക്കി . സ്വര്‍ണം ചെമ്പായത് അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. ക്രമക്കേടുകളെകുറിച്ച് തനിക്ക് അറിവില്ലെന്നും തൂക്കത്തില്‍ വന്ന കുറവ് തന്റെ ശ്രദ്ധയില്‍ ആരും കൊണ്ടുവന്നില്ലെന്നും വാസു പറഞ്ഞു

Latest