Connect with us

abudhabi forum for peace

ഒമ്പതാമത് അന്താരാഷ്ട്ര സമാധാന സമ്മേളനം ഇന്ന് മുതൽ 

ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഖലീൽ തങ്ങൾ പങ്കെടുക്കും

Published

|

Last Updated

അബുദബി | യു എ ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര സമാധാന സമ്മേളനം (അബുദബി ഫോറം ഫോർ പീസ്) ഇന്ന് മുതൽ മൂന്ന് ദിവസം നടക്കും. ആഗോള സമാധാനത്തിനും സ്ഥിരതക്കും സമൃദ്ധിക്കും വേണ്ടിയുള്ള സംവാദങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള യു എ ഇയുടെ പ്രതിബദ്ധതയുടെ ഭാഗമായി നടക്കുന്ന സമ്മേളനത്തിൽ നിലവിലെ ആഗോള ആരോഗ്യ, സാമ്പത്തിക, സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യും.

സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള സർക്കാർ, പൗരസമൂഹ സമൂഹങ്ങളിൽ നിന്നുള്ള പ്രതിനിധികളും മതനേതാക്കളും ബുദ്ധിജീവികളും പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങൾ സംബന്ധിക്കും. അബുദബി ഫോറം ഫോർ പീസ് നൽകുന്ന 2022ലെ ഇമാം ഹസൻ ബിൻ അലി അന്താരാഷ്ട്ര സമാധാന പുരസ്‌കാരം ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോക്ക് ആണ് ലഭിച്ചത്. അബുദബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ അബുദബി ഫോറം ഫോർ പീസ് പ്രസിഡന്റ് ശൈഖ് അബ്ദുല്ല ബിൻ ബയ്യയിൽ നിന്നും ഇന്തോനേഷ്യൻ പ്രസിഡന്റിനെ പ്രതിനിധാനം ചെയ്ത് വൈസ് പ്രസിഡന്റ് ഡോ.മറൂഫ് അമിന് അവാർഡ് സ്വീകരിച്ചു.

സമാധാനവും സഹിഷ്ണുതയും പ്രചരിപ്പിക്കുന്നതിൽ ഇന്തോനേഷ്യ പ്രകടിപ്പിച്ച ശ്രദ്ധേയമായ പരിശ്രമങ്ങൾ കണക്കിലെടുത്ത് പ്രസിഡന്റ് വിഡോഡോയ്ക്ക് 2022 ലെ ഇമാം ഹസൻ ബിൻ അലി ഇന്റർനാഷണൽ സമാധാന പുരസ്‌കാരം നൽകുന്നതിൽ സന്തോഷമുണ്ടെന്ന് അബുദബി ഫോറം ഫോർ പീസ് പ്രസിഡന്റ് ശൈഖ് അബ്ദുല്ല ബിൻ ബയ്യ പറഞ്ഞു.