Kerala
ഒമ്പതുകാരിയുടെ കൈമുറിച്ച സംഭവം; ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ കെ ജി എം ഒ എ പ്രക്ഷോഭത്തിന്
കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ പാലക്കാട് ബ്രാഞ്ച് കമ്മിറ്റി നാളെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കരിദിനവും പ്രതിഷേധയോഗവും സംഘടിപ്പിക്കും.

പാലക്കാട് | പല്ലശ്ശന സ്വദേശി ഒമ്പതുകാരിയുടെ വലത് കൈമുറിച്ച സംഭവത്തില്‍ ചികിത്സാ പിഴവെന്നാരോപിച്ച് രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ പാലക്കാട് ബ്രാഞ്ച് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കരിദിനവും പ്രതിഷേധയോഗവും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോ. പി ജി മനോജ്, സെക്രട്ടറി ഡോ. വൈശാഖ് ബാലന്‍ എന്നിവര്‍ അറിയിച്ചു.
ഇതിനു പുറമെ പള്‍സ് പോളിയോ ഒഴികെ ആശുപത്രിക്ക് പുറത്തുള്ള എല്ലാ ഔദ്യോഗിക ചുമതലകളും യോഗങ്ങളും പരിശീലനങ്ങളും റിപോര്‍ട്ടിംഗും ബഹിഷ്‌കരിക്കും. 13ന് ജില്ലാശുപത്രി ഒ പി ബഹിഷ്‌ക്കരിക്കും. 14ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒ പി ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
ജില്ലാശുപത്രിയില്‍ കുട്ടിക്ക് മികച്ച ചികിത്സയാണ് നല്‍കിയത്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അത്യപൂര്‍വമായി മാത്രം വരുന്ന സങ്കീര്‍ണ ആരോഗ്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്ത നടപടി ഒരിക്കലും ന്യായീകരിക്കാനാവില്ല. ചികിത്സിച്ച ഡോക്ടര്‍മാരുടെ ഭാഗത്ത് യാതൊരു വീഴ്ചയും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. എന്നിട്ടും ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചത് അങ്ങേയറ്റം അനീതിയും മാനോവീര്യം തകര്‍ക്കുന്നതുമാണ്. സന്‍സ്പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭ പരിപാടിക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് കെ ജി എം ഒ എ അറിയിച്ചു.