Kerala
നിമിഷപ്രിയ കേസ്: കെ എ പോളിനെ അറിയില്ലെന്ന് ചാണ്ടി ഉമ്മൻ
പോള്‍ ചെയ്യുന്നത് കണ്ട് ഷോക്ക് ആയിപ്പോയി

കോഴിക്കോട് | യമനില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി അനാവശ്യ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് ചാണ്ടി ഉമ്മന്‍ എം എല്‍ എ. കേസിൽ ഇടപെടുന്നുണ്ടെന്ന് അവകാശപ്പെടുന്ന കെ എ പോള്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും ഇതുവരെ കണ്ടിട്ടില്ലെന്നും പോള്‍ ചെയ്യുന്നത് കണ്ട് ഷോക്ക് ആയിപ്പോയെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.
നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ് നടത്തുന്ന സംഭവത്തില്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. നിമിഷപ്രിയയുടെ പേരില്‍ പിരിവ് നടത്തുന്ന കെ എ പോളിനെതിരെ കേസെടുക്കണം എന്നായിരുന്നു ആവശ്യം. ആക്ഷന്‍ കൗണ്‍സില്‍ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കണമെന്നായിരുന്നു കെ എ പോളിന്റെ ആവശ്യം. പണപ്പിരിവ് വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം ഫാക്ട് ചെക്കിലൂടെയും വ്യക്തമാക്കിയിരുന്നു.
ഡോ. കെ എ പോള്‍ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് നിമിഷപ്രിയയെ രക്ഷിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടുളള പോസ്റ്റ് വന്നത്. 8.3 കോടി രൂപ വേണമെന്നാണ് പോസ്റ്റില്‍ പറഞ്ഞിട്ടുളളത്. പിന്നാലെ ഇത് വ്യാജ പോസ്റ്റാണെന്നും പണപ്പിരിവ് തട്ടിപ്പാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.