Malappuram
കാണാം, അനുഭവിക്കാം; നയനമനോഹരമായി മഅ്ദിന്‍ ഹറമൈന്‍ എക്‌സ്‌പോ
അറിവനുഭവങ്ങളുടെ വേദിയായി സ്വലാത്ത് നഗര്‍.

പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ 1500-ാം ജന്മദിനത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പഞ്ചദിന ഹറമൈന്‍ എക്സ്പോ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദര്‍ശിക്കുന്നു.
മലപ്പുറം | സന്ദര്‍ശകരെ കുറച്ചു നേരത്തേക്ക് മക്കയിലും മദീനയിലും എത്തിക്കുകയാണ് ഹറമൈന്‍ എക്സ്പോ. പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച എക്സ്പോയാണ് കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്നത്. മക്കയിലെയും മദീനയിലെയും ചരിത്രപരമായ സ്ഥലങ്ങളും പ്രധാന സംഭവങ്ങളും ദൃശ്യാവിഷ്‌കരിച്ച പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് നവ്യാനുഭൂതിയാണ് പകര്‍ന്നു നല്‍കുന്നത്. ഇസ്‌ലാമിക ചരിത്രങ്ങളിലേക്കും ഹജ്ജ്, ഉംറ കര്‍മങ്ങളിലേക്കും ഹൃദയം തുറക്കുന്ന തരത്തിലാണ് ഓരോ സ്റ്റാളും സജ്ജീകരിച്ചിരിക്കുന്നത്.
മക്കയില്‍ നിന്ന് മദീനയിലേക്ക് നീളുന്ന 45 പ്രധാന ചരിത്രകേന്ദ്രങ്ങളുടെ മിനിയേച്ചര്‍ മാതൃകകള്‍ കൗതുകവും ആവേശവും നിറയ്ക്കുന്നതാണ്. കഅ്ബയുടെ നിര്‍മാണ ഘട്ടങ്ങള്‍, ഇബ്റാഹീം നബിയുടെ മഖാം, സൗര്‍ ഗുഹ, നൂര്‍ പര്‍വതം എന്നിവയെല്ലാം സൂക്ഷ്മമായ വിശദാംശങ്ങളോടെ പുനരാവിഷ്‌കരിച്ചത് കാണികളെ ഏറെ അതിശയിപ്പിക്കുന്നു. പഴയ കാലത്തെയും പുതിയ കാലത്തെയും ഹജ്ജ് കര്‍മങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങളും പ്രദര്‍ശനത്തിലുണ്ട്. മഅ്ദിന്‍ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത എക്സ്പോയിലെ ഓരോ മാതൃകയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും വിദ്യാര്‍ഥികള്‍ തന്നെ വിശദീകരണം നല്‍കുന്നുണ്ട്. ഇത് കേവലം കാഴ്ച എന്നതിലുപരി ഒരു പഠനാനുഭവം കൂടിയായി മാറുന്നു.
പഴമക്കാരുടെ ഹജ്ജ് യാത്രകള്‍, ചരിത്രപരമായ സംഭവങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്നതിലൂടെ എക്‌സ്‌പോ സന്ദര്‍ശകര്‍ക്ക് വലിയ അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തോടും സംസ്‌കാരത്തോടും പുതിയ തലമുറക്ക് താത്പര്യം ജനിപ്പിക്കാനും ചരിത്രപരമായ അറിവുകള്‍ പകര്‍ന്നു നല്‍കാനും എക്‌സ്‌പോ സഹായകമാകും. മനോഹരമായ ദൃശ്യാവിഷ്‌കാരങ്ങള്‍ കണ്ട് നിറഞ്ഞ നിര്‍വൃതിയോടെയാണ് സന്ദര്‍ശകര്‍ മടങ്ങുന്നത്. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഹറമൈനി എക്‌സ്‌പോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പത്തോളം സ്റ്റാളുകളിലായി ഒരുക്കിയ എക്സ്പോയില്‍ ഹജ്ജ്, ഉംറ കര്‍മങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കുന്നവര്‍ക്ക് സമ്മാനം നേടാനുള്ള അവസരവുമുണ്ട്. ഞായറാഴ്ച വരെ രാവിലെ 11 മുതല്‍ വൈകിട്ട് ആറു വരെയാണ് പ്രദര്‍ശനം . പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ ഉപകാരപ്രദമായ എക്സ്പോ തീര്‍ത്തും സൗജന്യമാണ്.
കഅ്ബയുടെ ചരിത്രം പുനരാവിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍
മലപ്പുറം | ആദ്യത്തെ കഅ്ബയുടെ രൂപം മുതല്‍ ഇന്നത്തെ ആധുനിക രൂപം വരെയുള്ള പരിണാമം കണ്‍മുന്നില്‍ കണ്ട വിസ്മയത്തിലായിരുന്നു മഅ്ദിന്‍ ഹറമൈന്‍ എക്‌സ്‌പോ സന്ദര്‍ശിക്കാനെത്തിയവര്‍. മഅ്ദിന്‍ സാദാത്ത് അക്കാദമിയിലെ വിദ്യാര്‍ഥികളാണ് അതിമനോഹരമായ ഈ സൃഷ്ടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. സമാനതകളില്ലാത്ത അവരുടെ കരവിരുത് കാണികളെ ഏറെ ആകര്‍ഷിച്ചു. ഹറമൈന്‍ എക്‌സ്‌പോയില്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനായി വ്യത്യസ്തങ്ങളായ എക്സിബിഷന്‍ സ്റ്റാളുകളും ഒരുക്കിയിരുന്നു. കഅ്ബയുടെ ആദ്യകാല രൂപം മുതല്‍ ഇന്ന് നാം കാണുന്ന യഥാര്‍ഥ രൂപം വരെയുള്ളവ അതിമനോഹരമായി എക്‌സ്‌പോയില്‍ പുനഃസൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പുറമെ, മഖാം ഇബ്‌റാഹിമിന്റെ ആദ്യ രൂപം മുതല്‍ ഇപ്പോഴത്തെ രൂപവും പ്രദര്‍ശനത്തിലുണ്ട് .
കഅ്ബയുടെ യഥാര്‍ഥ കിസ്വ കാണാന്‍ സാധിച്ചു എന്നതും സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായി. ഇതിനു പുറമെ കഅ്ബയെയും ഹറമിനെയും കുറിച്ചുള്ള നിരവധി അറിവുകളും ചിത്രങ്ങളിലൂടെയും മോഡലുകളിലൂടെയും എക്‌സ്‌പോയില്‍ വിവരിക്കുന്നുണ്ട്. ഹറം മ്യൂസിയത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഒരുക്കിയ പ്രദര്‍ശനം തീര്‍ഥാടകര്‍ക്ക് വളരെ ഉപകാരപ്രദമാണ്. ഹറം മ്യൂസിയത്തിലെ വിവിധ വസ്തുക്കളുടെ മാതൃകകളും പ്രദര്‍ശനത്തിലുണ്ട്. മക്കയിലെയും മദീനയിലെയും പുരാതന കാലത്തെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് അവരുടെ യാത്രയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ഒരുപാട് വിവരങ്ങള്‍ അറിയാനും എക്‌സ്‌പോ സഹായകമാകും.