Connect with us

Health

കാപ്പി കുടിക്കുന്നത് കരള്‍ രോഗം തടയാന്‍ സഹായിക്കുമെന്ന് പുതിയ പഠനം

'ന്യൂട്രിയന്റ്സ്' ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 194 ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ അവലോകനമാണ് പഠനത്തില്‍ വിശദീകരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| കാപ്പി കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നതായി പുതിയ പഠനം. കാപ്പി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കരള്‍ രോഗം തടയാനും സഹായിക്കുമെന്നാണ് പഠനം പറയുന്നത്. ദഹനത്തിലും കുടലിലും കാപ്പിയുടെ നല്ല ഫലങ്ങള്‍ കണ്ടെത്തിയതായി പഠനത്തില്‍ വ്യക്തമാക്കുന്നു. ‘ന്യൂട്രിയന്റ്സ്’ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 194 ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ അവലോകനമാണ് പഠനത്തില്‍ വിശദീകരിക്കുന്നത്.

പിത്താശയക്കല്ലുകള്‍, ചില കരള്‍ രോഗങ്ങള്‍ എന്നിവ പോലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് കാപ്പി സംരക്ഷിക്കുന്നുവെന്നും കാപ്പി ഉപഭോഗം ദഹനനാളത്തിന്റെ വിവിധ അവയവങ്ങളില്‍ ദോഷകരമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ചിലെ എമിറിറ്റസ് റിസര്‍ച്ച് ഡയറക്ടര്‍ ആസ്ട്രിഡ് നെഹ്ലിഗ് പറഞ്ഞു. ഗവേഷണത്തില്‍ പ്രധാനമായി ചൂണ്ടിക്കാട്ടുന്നത് കാപ്പിയും പിത്തസഞ്ചിയിലെ കല്ലുകളുടെ സാധ്യതയും തമ്മിലുള്ള ബന്ധവും കാപ്പി ഉപഭോഗത്തെ പാന്‍ക്രിയാറ്റിസ് സാധ്യത കുറയ്ക്കുന്നതുമായി ബന്ധിപ്പിക്കുന്ന തെളിവുകളുമാണ്. എന്നിരുന്നാലും കൂടുതല്‍ ഗവേഷണം ഇനിയും ആവശ്യമാണെന്നും ആസ്ട്രിഡ് കൂട്ടിച്ചേര്‍ത്തു.

കരള്‍ കാന്‍സറിന്റെ ഏറ്റവും സാധാരണമായ തരത്തിലുള്ള ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങള്‍ക്കെതിരെ കാപ്പിയുടെ സംരക്ഷണ ഫലത്തെ ഏറ്റവും പുതിയ ഗവേഷണം ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ദഹനത്തിന് ആവശ്യമായ ഗ്യാസ്ട്രിക്, പാന്‍ക്രിയാറ്റിക് സ്രവങ്ങളുമായി കാപ്പി ബന്ധപ്പെട്ടിരിക്കുന്നു. കാപ്പി ദഹന ഹോര്‍മോണായ ഗ്യാസ്ട്രിന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അവലോകനം ചെയ്ത പഠനങ്ങളില്‍, കാപ്പി ഉപഭോഗം ഗട്ട് മൈക്രോബയോട്ടയുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നതായി കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു.

 

 

Latest