Connect with us

National

114 റാഫേല്‍ എഫ്-4 യുദ്ധവിമാനങ്ങള്‍ വാങ്ങും; ഫ്രാന്‍സുമായി വന്‍ ഇടപാടിനൊരുങ്ങി ഇന്ത്യ

ഏകദേശം 3.25 ലക്ഷം കോടി രൂപയോളം ചെലവഴിച്ചാണ് വിമാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിരോധ ഇടപാടായിരിക്കും ഇത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഫ്രാന്‍സില്‍ നിന്ന് 114 റാഫേല്‍ എഫ്-4 (Rafale F4) യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ഏകദേശം 3.25 ലക്ഷം കോടി രൂപയോളം ചെലവഴിച്ചാണ് വിമാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിരോധ ഇടപാടായിരിക്കും ഇത്.

റാഫേല്‍ ജെറ്റുകളിലെ ഏറ്റവും പരിഷ്‌കരിച്ച പതിപ്പാണ് എഫ്-4. സാറ്റലൈറ്റ് ആശയവിനിമയ ലിങ്കുകള്‍ (സാറ്റ്‌കോം), പരിഷ്‌കരിച്ച മിഷന്‍ കമ്പ്യൂട്ടറുകള്‍, സോഫ്റ്റ് വെയര്‍ അധിഷ്ഠിത റേഡിയോകള്‍ എന്നിവ വഴി മറ്റ് വിമാനങ്ങളുമായും കമാന്‍ഡ് നെറ്റ് വര്‍ക്കുകളുമായും തത്സമയം വിവരങ്ങള്‍ പങ്കുവെക്കാന്‍ ഇതിന് സാധിക്കും. ഒരേ സമയം വ്യോമാക്രമണം, പ്രതിരോധം, നിരീക്ഷണം, ആണവായുധ വിന്യാസം തുടങ്ങി ഒന്നിലധികം ദൗത്യങ്ങള്‍ നിര്‍വഹിക്കാനും റാഫേല്‍ എഫ്-4ന് സാധിക്കും.

ഉയര്‍ന്ന പ്രദേശങ്ങളിലെ കഠിനമായ തണുപ്പിലും കുറഞ്ഞ വായുസമ്മര്‍ദത്തിലും പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന എന്‍ജിന്‍ സംവിധാനങ്ങള്‍, അത്യാധുനിക ഇലക്ട്രോണിക് വാര്‍ഫെയര്‍ ഉപകരണങ്ങള്‍, പൈലറ്റുമാരുടെ സുരക്ഷക്കായുള്ള ‘ടോഡ് ഡീകോയ്സ്’ (towed decoys) എന്നിങ്ങനെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള പുതിയ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന 114 വിമാനങ്ങളില്‍ ആദ്യത്തെ 18 എണ്ണം ഫ്രാന്‍സിലും ബാക്കി 96 എണ്ണം ഇന്ത്യയില്‍ (നാഗ്പുര്‍) ലൈസന്‍സിങിലൂടെയുമാണ് നിര്‍മിക്കപ്പെടുക. ടാറ്റ, മഹീന്ദ്ര തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ വിതരണ ശൃംഖലയുടെ ഭാഗമാകും. നാഗ്പുരിലെ ദസ്സോ റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (DRAL) എന്ന സ്ഥാപനത്തിലാണ് 96 റാഫേല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഫൈനല്‍ അസംബ്ലി ലൈന്‍ സജ്ജീകരിക്കുന്നത്.

 

Latest