National
ബംഗാളിന് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണം: ഖലീല്‍ തങ്ങള്‍
ബംഗാള്‍ ഗ്രാമങ്ങളെ ഹൃദയത്തോടു ചേര്‍ത്ത് ഖലീല്‍ ബുഖാരി തങ്ങളുടെ പര്യടനം.
ദക്ഷിണ്‍ ദിനാജ്പുര്‍ ജില്ലയിലെ തൈ്വബ ഗാര്‍ഡനില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രസംഗിക്കുന്നു
കൊല്‍ക്കത്ത | ബംഗാളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നടത്തുന്ന സന്ദര്‍ശനം ജനശ്രദ്ധ നേടുന്നു. ബംഗാളിലെ ഗ്രാമീണ ജനതയുടെ ജീവിതസാഹചര്യങ്ങള്‍ നേരിട്ടു കണ്ടറിയുന്നതിനും അവരുടെ വിദ്യാഭ്യാസ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനുമായാണ് തങ്ങള്‍ പര്യടനം നടത്തുന്നത്.
പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശരീഫാബാദ്, ബനേശ്വര്‍ഭാടി, ടപ്പന്‍, ബഗോയിട്ട്, ചൊമ്നി, ദറാള്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ഗ്രാമവാസികളുമായി നേരിട്ട് സംവദിച്ച തങ്ങള്‍, അവരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്തു. വിവിധ ജനപ്രതിനിധികള്‍, സര്‍വകലാശാലാ പ്രതിനിധികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ബംഗാളിലെ വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൈബ ഗാര്‍ഡനില്‍ നടന്ന മുഅല്ലിം പ്രധിനിധി സമ്മേളനവും ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായുള്ള 1,500 പ്രതിനിധികള്‍ സംബന്ധിച്ചു. കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, സയ്യിദ് അബ്ദുല്‍ ഫത്താഹ് ബുഖാരി, മുഫ്തി ഫഖീഹുല്‍ ഖമര്‍ സഖാഫി, സുബൈര്‍ അംജദി (അസി. പ്രൊഫസര്‍ അലിഗഢ് സര്‍വകലാശാല), മുഷ്ത്താഖ് അസ്ഹരി (ചീഫ്, മോറല്‍ അക്കാദമി), പ്രൊഫസര്‍ റഫീദലി (റീജ്യണല്‍ ഡയറക്ടര്‍, എം എ എന്‍ യു യു) പ്രൊഫസര്‍. ഇഷ്തിയാഖ് ഹുസൈന്‍ (എച്ച് ഒ ഡി, ആലിയ യൂണിവേഴ്സിറ്റി), ഷമായില്‍ സുഹ്‌രി (കോര്‍ഡിനേറ്റര്‍, മോറല്‍ അക്കാദമി), മുഹമ്മദ് സാലിം അദനി (കോര്‍ഡിനേറ്റര്‍, മോറല്‍ അക്കാദമി), അലി നൂറാനി, സുഹൈറുദ്ധീന്‍ നൂറാനി, സയ്യിദ് മുര്‍തളാ സഖാഫി, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, അഷ്റഫ് സഖാഫി പൂപ്പലം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ശരീഫ് നൂറാനി, മുഹമ്മദ് ഇബ്റാഹീം സഖാഫി, മുബശ്ശിര്‍ മുഈനി കൊല്‍ക്കത്ത, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ഉമര്‍ പൂമോന്‍, മഹ്മൂദ് ഹാജി കൂത്തുപറമ്പ്, എന്‍ജിനീയര്‍ അബ്ദുല്‍ വഹാബ് പ്രസംഗിച്ചു.




