Connect with us

Kerala

ഒരിക്കലും ഒറ്റക്കണ്ണനാവില്ല; ജനകീയ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാന്‍ യുട്യൂബ് ചാനല്‍ തുടങ്ങും: ചെറിയാന്‍ ഫിലിപ്പ്

Published

|

Last Updated

തിരുവനന്തപുരം | ഒരിക്കലും ഒറ്റക്കണ്ണനാവില്ലെന്നും രണ്ട് കണ്ണുകളും തുറന്നുപിടിച്ച് ജനകീയ പ്രശ്‌നങ്ങളില്‍ പ്രതികരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ്. ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനല്‍ ജനുവരി ഒന്നിന് ആരംഭിക്കുമെന്നും അദ്ദേഹം എഫ് ബി കുറിപ്പില്‍ അറിയിച്ചു. ചാനല്‍ നയം തികച്ചും സ്വതന്ത്രമായിരിക്കും. രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.

കൊവിഡ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കേരളത്തിനായി യത്‌നിക്കും. ഉത്പാദന കേന്ദ്രിത വികസന സംസ്‌കാരത്തിനായി ശബ്ദിക്കും. കാര്‍ഷിക നവോഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചാരണ വിഷയമാക്കും. സാമൂഹിക പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്രയെന്നും ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ചെറിയാന്‍ ഫിലിപ്പ് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഫേസ് ബുക്ക് പോസ്റ്റ്. ഇടതുപക്ഷത്ത് നിന്ന് അകലുന്നതിന്റെ സൂചനകള്‍ അടുത്തിടെ അദ്ദേഹത്തില്‍ നിന്നുണ്ടായിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം നിരസിച്ചത് ഇതിന്റെ ഭാഗമായുള്ള ഏറ്റവുമവസാനത്തെ പ്രതികരണമായാണ് വിലയിരുത്തപ്പെടുന്നത്.