International
ട്രംപുമായി എങ്ങനെ ഇടപെടാം; മോദിക്ക് രഹസ്യ ഉപദേശം നൽകുമെന്ന് നെതന്യാഹു
ട്രംപും മോദിയും തൻ്റെ ഉറ്റസുഹൃത്തുക്കളെന്ന് നെതന്യാഹു

ന്യൂഡല്‍ഹി | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇടപെടുന്നത് സംബന്ധിച്ച് നരേന്ദ്ര മോദിക്ക് രഹസ്യ ഉപദേശം നല്‍കുമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്കുമേല്‍ അമേരിക്ക തീരുവ 50 ശതമാനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് നെതന്യാഹുവിൻ്റെ പ്രതികരണം.
ട്രംപും മോദിയും തൻ്റെ ഉറ്റസുഹൃത്തുക്കളാണെന്ന് പറഞ്ഞ നെതന്യാഹു അതിനാല്‍ സ്വകാര്യമായിട്ടായിരിക്കും നരേന്ദ്ര മോദിക്ക് ഉപദേശം നല്‍കുകയെന്നും വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും ഇസ്റാഈലിന്റെ സുഹൃദ് രാജ്യങ്ങളായതിനാല്‍ തീരുവ പ്രശ്‌നം അവസാനിപ്പിക്കുന്നത് ഇസ്റാഈലിന് കൂടി ഗുണംചെയ്യുമെന്ന് നെതന്യാഹു അവകാശപ്പെട്ടു.
25 ശതമാനം തീരുവയായിരുന്നു ഇന്ത്യക്ക് മേല്‍ അമേരിക്ക നേരത്തെ പ്രഖ്യാപിച്ചത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാവാത്തതിനെ തുടര്‍ന്ന് വീണ്ടും 25 ശതമാനം കൂടി ട്രംപ് അധികമായി ചുമത്തുകയായിരുന്നു.