National
പൊളിഞ്ഞു വീണേക്കാം; ഗുജറാത്തില്‍ നൂറോളം പാലങ്ങള്‍ അടച്ചിട്ടു
പാലം തകര്‍ന്ന് 20 യാത്രക്കാര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് മുന്‍കരുതല്‍ നടപടി

അഹമ്മദാബാദ് | ഗുജറാത്തില്‍ പൊളിഞ്ഞു വീഴാന്‍ സാധ്യതയുള്ള നൂറോളം പാലങ്ങള്‍ അടച്ചിട്ടു. ദേശീയപാതയില്‍ മാത്രം 12 പാലങ്ങള്‍ അടച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാലം തകര്‍ന്ന് 20 യാത്രക്കാര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് മുന്‍കരുതല്‍ നടപടി.
പാലങ്ങളുടെ സുരക്ഷയെ സംബന്ധിച്ച മുഴുവന്‍ പരാതികളും പരിശോധിക്കാനും അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പാലങ്ങള്‍ അടച്ചത്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 97 പാലങ്ങളും സര്‍ദാര്‍ സരോവര്‍ നര്‍മദ നിഗം ലിമിറ്റഡിനുകീഴില്‍ നര്‍മദാ കനാലിനു കുറുകേയുള്ള അഞ്ചുപാലങ്ങളും അടച്ചു. നാല് പ്രധാനപാലങ്ങളില്‍ ഭാരവാഹനങ്ങളും നിരോധിച്ചു. നിരവധി പരാതികളാണ് പാലങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് സര്‍ക്കാറിന് ലഭിച്ചത്.ജൂലൈ ഒന്‍പതിനാണ് വഡോദരയിലെ പദ്രയില്‍ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം പൊളിഞ്ഞുവീണ് 20 പേര്‍ മരിച്ചത്. ഒരാളെ കാണാതായി.
പൊതുമരാമത്തുവകുപ്പിന്റെ ചുമതലയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനായതിനാല്‍ പ്രതിപക്ഷം സമരങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെയാണ് പരിശോധനക്കായി മുഖ്യമന്ത്രി ഉത്തരവിട്ടത്. തകര്‍ന്ന പാലത്തിന്റെ ബലക്ഷയത്തെപ്പറ്റിയുള്ള പരാതികള്‍ ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുത്തില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെ നാല് എന്‍ജിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.