From the print
കേരളയും കുസാറ്റും മുന്നില്‍; കേരളത്തിന് അഭിമാന നേട്ടം
ആദ്യ നൂറില്‍ 18 കോളജുകള്‍.

ന്യൂഡല്‍ഹി/ തിരുവനന്തപുരം | രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് നിശ്ചയിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ ഐ ആര്‍ എഫ്) റാങ്കിംഗില്‍ മികച്ച നേട്ടം സ്വന്തമാക്കി കേരളം. രാജ്യത്തെ ഏറ്റവും മികച്ച പത്ത് സംസ്ഥാന സര്‍വകലാശാലകളില്‍ രണ്ടെണ്ണം കേരളത്തില്‍ നിന്നാണ്. കേരള സര്‍വകലാശാലയും കുസാറ്റുമാണ് (കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി) യഥാക്രമം അഞ്ചും ആറും റാങ്ക് നേടിയത്. ഇതുള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 18 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആദ്യ നൂറ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചത്. ആദ്യത്തെ 50ല്‍ കേരളത്തില്‍ നിന്ന് നാല് സ്ഥാപനങ്ങളും ഇടം നേടിയിട്ടുണ്ട്.
ഓവറോള്‍ വിഭാഗത്തില്‍ ആദ്യ നൂറില്‍ കേരളത്തില്‍ നിന്നുള്ള നാല് സ്ഥാപനങ്ങള്‍ ഇടം നേടി. കേരള സര്‍വകലാശാല (42), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോജി (എന്‍ ഐ ടി) കോഴിക്കോട് (45), കുസാറ്റ് (50), മഹാത്മാ ഗാന്ധി സര്‍വകലാശാല (79) എന്നിവയാണ് ഓവറോള്‍ വിഭാഗത്തില്‍ ആദ്യ നൂറില്‍ ഇടം നേടിയത്.
സര്‍വകലാശാലാ വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് സര്‍വകലാശാലകള്‍ ആദ്യ നൂറില്‍ ഇടം നേടി. കേരള യൂനിവേഴ്സിറ്റി (25), കുസാറ്റ് (32), എം ജി സര്‍വകലാശാല (43) എന്നിവയാണ് കേരളത്തില്‍ നിന്ന് ഇടം നേടിയവ.
കോളജ് വിഭാഗത്തില്‍ ആദ്യ നൂറില്‍ 18 എണ്ണം കേരളത്തില്‍ നിന്നാണ്. രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് എറണാകുളും (12), യൂനിവേഴ്സിറ്റി കോളജ് തിരുവനന്തപുരം (23), സേക്രട്ട് ഹാര്‍ട്ട് കോളജ് കൊച്ചി (44), സെന്റ് തോമസ് കോളജ് തൃശൂര്‍ (53), ഗവ. കോളജ് ഫോര്‍ വുമണ്‍ തിരുവനന്തപുരം (54), സെന്റ് ബെര്‍ക്ക്മാന്‍സ് കോളജ് ചങ്ങനാശ്ശേരി (56), സെന്റ് തെരേസാസ് കോളജ് എറണാകുളം ( 60), മാര്‍ ഇവാനിയോസ് കോളജ്, തിരുവനന്തപുരം (61), സെന്റ് ജോസഫ്‌സ് കോളജ് ദേവഗിരി (74), മഹാരാജാസ് കോളജ് എറണാകുളം (75), വിമല കോളജ് തൃശൂര്‍ (78), ഫാറൂഖ് കോളജ് കോഴിക്കോട് (82), സെന്റ് ജോസഫ്സ്് കോളജ് തൃശൂര്‍ (83), സി എം എസ് കോളജ് കോട്ടയം (86), ക്രൈസ്റ്റ് കോളജ് തൃശൂര്‍ (87), മാര്‍ അത്തനേഷ്യസ് കോളജ് കോതമംഗലം (92), യൂനിയന്‍ ക്രിസ്ത്യന്‍ കോളജ് എറണാകുളം (96), ഗവ. കോളജ് ആറ്റിങ്ങല്‍ (99) എന്നിയാണ് കേരളത്തില്‍ നിന്ന് ആദ്യ നൂറില്‍ ഇടം പിടിച്ച കോളജുകള്‍.
എന്‍ജിനീയറിംഗ് വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് സ്ഥാപനങ്ങള്‍ ആദ്യ നൂറില്‍ ഇടം നേടി. കോഴിക്കോട് എന്‍ ഐ ടി (21), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് സയന്‍സ് ആന്‍ഡ് ടെക്നോളജി തിരുവനന്തപുരം (61), ഐ ഐ ടി പാലക്കാട് (64).
മാനേജ്മെന്റ് വിഭാഗത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(ഐ ഐ എം) കോഴിക്കോടിനാണ് മൂന്നാം റാങ്ക്. മെഡിക്കല്‍ വിഭാഗത്തില്‍ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരം പതിനേഴാം റാങ്ക് സ്വന്തമാക്കി. ദന്തല്‍ വിഭാഗത്തില്‍ ഗവ. ദന്തല്‍ കോളജ് തിരുവനന്തപുരം 35ഉം ഗവ. ദന്തല്‍ കോളജ് കോഴിക്കോട് 38ഉം റാങ്ക് നേടി. നിയമ പഠന വിഭാഗത്തില്‍ കുസാറ്റ് 13ാം റാങ്ക് സ്വന്തമാക്കി.
ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗ് വിഭാഗത്തില്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് തിരുവനന്തപുരം 15ാം റാങ്ക് നേടി. ഓവറോള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി) മദ്രാസ് തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ ഏഴാം തവണയാണ് മദ്രാസ് ഐ ഐ ടി ഈ സ്ഥാനം നിലനിര്‍ത്തുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ ഐ എസ് സി) ബെംഗളൂരു രണ്ടാം റാങ്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി) ബോംബെ മൂന്നാം റാങ്കും കരസ്ഥാമാക്കി. ഐ ഐ ടി ഡല്‍ഹി (നാല്), ഐ ഐ ടി കാണ്‍പൂര്‍ (അഞ്ച്), ഐ ഐ ടി ഖരഗ്പൂര്‍ (ആറ്), ഐ ഐ ടി റൂര്‍കി (ഏഴ്), എയിംസ് ഡല്‍ഹി (എട്ട്), ജവഹല്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി ഡല്‍ഹി (ഒമ്പത്), ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി (പത്ത്) സ്ഥാനങ്ങളും സ്വന്തമാക്കി. ഗവേഷണ, ഫാര്‍മസി വിഭാഗങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഒരു സ്ഥാപനവും പട്ടികയില്‍ ഇടം നേടിയിട്ടില്ല.