Kerala
ചതയദിനം ഈഴവ വിഭാഗത്തിന്റെ പരിപാടിയാക്കി; ദേശീയ കൗണ്‍സില്‍ അംഗം കെ ബാഹുലേയന്‍ ബി ജെ പി വിട്ടു
എസ് എന്‍ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറികൂടിയായ ബാഹുലേയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജി പ്രഖ്യാപിച്ചത്

തിരുവനന്തപുരം | ചതയ ദിനാഘോഷം ഈഴവ വിഭാഗത്തിന്റെ മാത്രം പരിപാടിയാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച് ദേശീയ കൗണ്‍സില്‍ അംഗം കെ ബാഹുലേയന്‍ ബി ജെ പി വിട്ടു. ചതയ ദിനാഘോഷം സംഘടിപ്പിക്കാന്‍ പാര്‍ട്ടി ഒ ബി സി മോര്‍ച്ചയെ നിയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.
എസ് എന്‍ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറികൂടിയായ ബാഹുലേയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. ശ്രീനാരായണഗുരു ജയന്തി നടത്തേണ്ടത് ഈഴവര്‍ മാത്രമല്ലെന്ന് പ്രബല വിഭാഗം പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ബി ജെ പിയില്‍ ചേര്‍ന്ന മുന്‍ ഐ എ എസ് ഓഫീസര്‍ ടി പി സെന്‍കുമാറും രംഗത്തെത്തിയിരുന്നു.
ചതയ ദിനാഘോഷം നടത്താന്‍ ബി ജെ പി ഒ ബി സി മോര്‍ച്ചയെ ഏല്‍പ്പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് ഞാന്‍ ബി ജെ പി വിടുന്നു എന്നായിരുന്നു ബാഹുലേയന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍ട്ടിയെ നയിക്കുന്ന സവര്‍ണ മേല്‍ക്കോയ്മയെ ഭയന്നാണ് ബി ജെ പി ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന അഭിപ്രായം ശ്രീനാരയണീയരില്‍ ശക്തമായിട്ടുണ്ട്.