International
ഗസ്സ സിറ്റി പിടിക്കാനുള്ള നീക്കം: നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ വൻ പ്രതിഷേധം
അധികാരത്തിൽ തുടരാൻ നെതന്യാഹു തങ്ങളുടെ പ്രിയപ്പെട്ടവരെ ബലിയർപ്പിക്കുകയാണെന്ന് ബന്ദികളുടെ ബന്ധുക്കൾ

തെൽ അവീവ് | ശക്തമായ ആക്രമണം അഴിച്ചുവിട്ട് ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം പതിനായിരക്കണക്കിന് ഇസ്റാഈലികൾ പ്രതിഷേധിച്ചു. യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ഗസ്സയിൽ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുൾപ്പെടെ പ്രതിഷേധിച്ചത്. അധികാരത്തിൽ തുടരാൻ ബെഞ്ചമിൻ നെതന്യാഹു തങ്ങളുടെ പ്രിയപ്പെട്ടവരെ ബലിയർപ്പിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ജറുസലേമിലേക്കുള്ള പ്രവേശന കവാടത്തിനടുത്തുള്ള കോർഡ്‌സ് പാലത്തിൽ നിന്ന് അസ സ്ട്രീറ്റിലെ നെതന്യാഹുവിൻ്റെ വസതിയിലേക്കായിരുന്നു പ്രതിഷേധക്കാർ റാലിയുമായി നീങ്ങിയത്. ‘മരണത്തിന്റെ നിഴലുള്ള സർക്കാർ’ എന്നെഴുതിയ ബാനർ പിടിച്ചുകൊണ്ട് നെതന്യാഹുവിൻ്റെ വീട്ടിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.
പ്രതിഷേധക്കാരെ നേരിടാൻ പോലീസ് ശക്തമായ പ്രതിരോധം തീർത്തിരുന്നു. ഇതിൻ്റെ ഭാഗമായി റോഡ് അടച്ചിട്ട് മുൻകരുതൽ സ്വീകരിച്ചിരുന്നു. അൻപതോളം ബന്ദികൾ ഇപ്പോഴും ഗസ്സയിൽ ഹമാസിൻ്റെ തടവിലുണ്ടെന്നാണ് റിപോർട്ടുകൾ.