Kerala
വയനാട്ടില്‍ കാർ ഓട്ടോകളിലിടിച്ച് മാതാവും മകളും മരിച്ചു
വടുവഞ്ചാല്‍ സ്വദേശികളായ മറിയക്കുട്ടി, മകള്‍ മോളി എന്നിവരാണ് മരിച്ചത്.

മേപ്പാടി| മേപ്പാടി നെടുമ്പാല ജംഗ്ഷനില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം കാര്‍, രണ്ട് ഓട്ടോകളിലിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ യാത്രക്കാരായ വടുവഞ്ചാല്‍ അമ്പലക്കുന്ന് കോട്ടേക്കുടി മറിയക്കുട്ടി, മകള്‍ അമ്പലവയല്‍ കാരച്ചാലില്‍ താമസിക്കുന്ന മോളി എന്നിവരാണ് മരിച്ചത്.
ഓട്ടോ ഡ്രൈവര്‍ കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കുണ്ട് ഖാലിദ് (50), കാര്‍ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി പുരുഷോത്തമന്‍(26) എന്നിവര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട മറ്റൊരു ഓട്ടോയിലെ ഡ്രൈവര്‍ ലതീഷ് (38) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ചുണ്ട-ഊട്ടി റോഡില്‍ മേപ്പാടി ടൗണില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ മൂപ്പൈനാടിലായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത കാറാണ് നിയന്ത്രണം വിട്ട് ഓട്ടോകളില്‍ ഇടിച്ചത്.
ഈങ്ങാപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്നു ഓട്ടോ വിളിച്ച് വടുവന്‍ചാലിലേക്ക് മടങ്ങുകയായിരുന്നു അമ്മയും മകളും. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോയില്‍ നിന്ന് നാട്ടുകാരാണ് മറിയക്കുട്ടിയെയും മോളിയെയും പുറത്തെടുത്തത്. അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ ഇരുവരും മരിച്ചു.
മത്തായിയാണ് മറിയക്കുട്ടിയുടെ ഭര്‍ത്താവ്. മോളിയുടെ ഭര്‍ത്താവ്: കാരച്ചാല്‍ മുട്ടത്ത് ബേബി. മരണപ്പെട്ടവരും പരിക്കേറ്റവരും മേപ്പാടി വിംസ് ആശുപത്രിയില്‍.