Connect with us

National

കള്ളപ്പണ കേസ്: തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിയെ ഇ ഡി ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തു

അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് അഭിഷേക് ബാനര്‍ജി

Published

|

Last Updated

ന്യുഡല്‍ഹി |  കള്ളപ്പണക്കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകനും എംപിയുമായ അഭിഷേക് ബാനര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ബംഗാളിലെ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് തിങ്കളാള്ച ഒന്‍പത് മണിക്കൂറിലധികം അദ്ദേഹത്തെ ഇ ഡി ചോദ്യം ചെയ്തത്. ഡല്‍ഹിയിലെ ജാം നഗര്‍ ഹൗസില്‍ ഇ ഡിയുടെ ഓഫീസില്‍ രാവിലെ 11 ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി എട്ട് വരെ നീണ്ടുനിന്നു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് അഭിഷേക് ബാനര്‍ജി മാധ്യമങ്ങളോട് പ്രതികരിച്ചു. ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള ലോക്സഭാംഗമാണ് അഭിഷേക് ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം

അസന്‍സോളിലും സമീപ പ്രദേശങ്ങളിലുമുള്ള ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ് ഖനികളുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി അഴിമതി ആരോപിച്ച് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം 2020 നവംബറില്‍ ഇ ഡി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നത്. നിയമവിരുദ്ധ കച്ചവടത്തില്‍ നിന്ന് ലഭിച്ച കോടികളുടെ ഗുണഭോക്താക്കളില്‍ ഒരാളാണ് അഭിഷേക് ബാനര്‍ജി എന്നാണ് ഇഡി ആരോപിക്കുന്നത്.

Latest