Kerala
ആ വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ തന്റെ അഭിനയ ശേഷിക്കാവുന്നില്ലെന്ന് മോഹന്‍ലാല്‍
ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.

തിരുവനന്തപുരം | ചലച്ചിത്രരംഗത്തെ രാജ്യത്തെ തന്നെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പരിപാടിയിലാണ് പ്രിയനടന് കേരളം ആദരമര്‍പ്പിച്ചത്.
ഡല്‍ഹിയില്‍ വച്ച് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് വാങ്ങിയതിനേക്കാള്‍ വൈകാരികഭാരത്തോടെയാണു തിരുവനന്തപുരത്തു നില്‍ക്കുന്നതെന്നും, ഇതു ഞാന്‍ ജനിച്ചു വളര്‍ന്ന, കൗമാരം ചെലവഴിച്ച മണ്ണാണെന്നും ലാല്‍ പറഞ്ഞു. ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ഒന്നുമറിയാതെ അവര്‍ക്കൊപ്പം ഞാന്‍ പാര്‍ത്ത നാടാണ്. ഇവിടുത്തെ കാറ്റും മരങ്ങളും വഴികളും പല കെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്.എനിക്ക് ഈ സ്വീകരണം നല്‍കുന്നത് ഇന്നീ കാണുന്ന എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്. ഇക്കാര്യങ്ങള്‍ കൊണ്ടെല്ലാം ഞാനനുഭവിക്കുന്ന ആ വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ അതിരുകള്‍ കടന്നും ഈ അഭിനയവിസ്മയം സഞ്ചരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരേസമയം നല്ലനടനും ജനപ്രീതിയുള്ള നടനുമായിരിക്കുകയെന്നത് എളുപ്പമല്ല. മോഹന്‍ലാലിന് നൈസര്‍ഗികമായ കഴിവുകള്‍ കൊണ്ട് അതുസാധിക്കുന്നു. അരനൂറ്റാണ്ടോളമായി മലയാളിക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സമ്മാനിക്കുന്ന ഇതിഹാസതാരം മോഹന്‍ലാലിനെ അനുമോദനം അറിയിക്കുന്നു. കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പൊന്നാടയണിച്ചാണ് മോഹന്‍ലാലിനെ സ്വീകരിച്ചത്. കേരള സര്‍ക്കാരിനുവേണ്ടി കവി പ്രഭാവര്‍മ എഴുതിയ പ്രശസ്തി പത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് സമര്‍പ്പിച്ചു. ഗായിക ലക്ഷ്മിദാസ് പ്രശസ്തി പത്രം കവിത ചൊല്ലി.