Connect with us

Kerala

ധാര്‍മ്മികതയും മാന്യതയും പാലിച്ച് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കണമായിരുന്നു; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി വി ശിവന്‍കുട്ടി

ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നു എന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്ത സംഭവത്തില്‍ യു ടേണടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാഹുലുമായി ബന്ധപ്പെട്ട വിഷയം പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നതെന്നും ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നു എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു

രാഹുല്‍ മാങ്കൂട്ടത്തെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും അങ്ങിനെ ഒരാളെ മാറ്റി നിര്‍ത്തുന്നത് അന്തസല്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ച് മണിക്കൂറുകള്‍ക്കകമാണ് ശിവന്‍കുട്ടിയുടെ മലക്കം മറിച്ചില്‍.

ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പാലിക്കേണ്ട ധാര്‍മികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതാണ്. പൊതുസമൂഹത്തില്‍, പ്രത്യേകിച്ചും കുട്ടികള്‍ക്ക് മാതൃകയാകേണ്ട വേദികളില്‍, ആരോപണ വിധേയരായ വ്യക്തികള്‍ സ്വയമേവ വിട്ടുനില്‍ക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സര്‍ക്കാര്‍ വിശ്വസിക്കുന്നുവെന്നും പോസ്റ്റില്‍ തുടര്‍ന്ന് പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണരൂപം:

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്‌.
ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ വിദ്യാർത്ഥികളുടെ മുന്നേറ്റം ലക്ഷ്യമിടുന്ന ഒരു പരിപാടിയുടെ, വേദിയിൽ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നു. ഇത്തരം വിവാദങ്ങൾക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങൾക്ക് യോജിച്ചതല്ല.
ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ലെങ്കിലും, പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുമ്പോൾ പാലിക്കേണ്ട ധാർമികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ നിലവിൽ അന്വേഷണത്തിലാണ്. നിയമം അതിൻ്റെ വഴിക്ക് മുന്നോട്ട് പോകട്ടെ. എന്നാൽ, പൊതുസമൂഹത്തിൽ, പ്രത്യേകിച്ചും കുട്ടികൾക്ക് മാതൃകയാകേണ്ട വേദികളിൽ, ആരോപണ വിധേയരായ വ്യക്തികൾ സ്വയമേവ വിട്ടുനിൽക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സർക്കാർ വിശ്വസിക്കുന്നു.
ഭാവിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ, വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും ധാർമിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള നിർദേശം നൽകും. പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിൽ ഈ സർക്കാർ എന്നും പ്രതിജ്ഞാബദ്ധമായിരിക്കും.

 

---- facebook comment plugin here -----

Latest