Connect with us

Kerala

ഗവര്‍ണറുടെ നിര്‍ദേശം തള്ളി സര്‍ക്കാര്‍: കോളജുകളില്‍ വിഭജനഭീതി ദിനം ആചരിക്കില്ല

ലക്ഷ്യം സാമുദായിക ധ്രുവീകരണം. വര്‍ഗീയതയും വിദ്വേഷവും ലക്ഷ്യമിട്ടുള്ള ആര്‍ എസ് എസ് തന്ത്രം.

Published

|

Last Updated

തിരുവനന്തപുരം | സര്‍വകലാശാലകള്‍ ആഗസ്റ്റ് 14 ‘വിഭജനഭീതി ദിനം’ ആയി ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ ആഹ്വാനം തള്ളി സംസ്ഥാന സര്‍ക്കാര്‍. വിഭജനഭീതി ദിനം ആചരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ സംസ്ഥാനത്തെ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

ഗവര്‍ണറുടെ നിര്‍ദേശത്തെ നിശിതമായി വിമര്‍ശിച്ച മന്ത്രി ഇത്തരം ഒരു ദിനാചരണത്തിലൂടെ ആര്‍ എസ് എസിന്റെ സാമുദായിക ധ്രുവീകരണം നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ലക്ഷ്യമിടുന്നതെന്നും കുറ്റപ്പെടുത്തി. കേരളത്തിലെ സര്‍വകലാശാലകളില്‍ ‘വിഭജനഭീതി ദിനം’ ആചരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം കലാലയ സമൂഹം തള്ളിക്കളയണമെന്ന് മന്ത്രി ആര്‍ ബിന്ദു കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോളജുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കയത്. വര്‍ഗീയതയും വിദ്വേഷവും ലക്ഷ്യവച്ചുള്ള ആര്‍ എസ് എസ് തന്ത്രങ്ങളുടെ ഭാഗമാണ് ദിനാചരണം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇന്ത്യ-പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജന ഭീതി ദിനം ആചരിക്കാന്‍ ഗവര്‍ണര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. സര്‍ക്കുലര്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവന ഇറക്കിയിരുന്നു. സ്വാതന്ത്ര്യത്തിന് 78 വയസ്സാകുമ്പോള്‍ ആഗസ്റ്റ് 15 നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘ്പരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടേതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഭരണഘടനാ വിരുദ്ധമായ അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി സര്‍വകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

 

Latest