Ongoing News
സീസണ്‍ കഴിയും വരെ മെസി പി എസ് ജിയില്‍ തന്നെ; അഭ്യൂഹങ്ങള്‍ തള്ളി പിതാവ്
'വാക്കാലോ, രേഖാമൂലമോ, സമ്മതപ്രകാരമോ ഉള്ള യാതൊരു കരാറുമില്ല. സീസണ്‍ അവസാനിക്കും വരെ അത് അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും.'

പാരിസ് | ലയണല്‍ മെസി സഊദി അറേബ്യയിലേക്കു പോയത് ഏതെങ്കിലും കരാറിന്റെ ഭാഗമാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് താരത്തിന്റെ പിതാവ് ഫോര്‍ഹെ മെസി. സീസണ്‍ അവസാനിക്കും വരെ മറ്റൊരു കരാറിനെ കുറിച്ച് ആലോചിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാരിസ് സെയിന്റ്-ജര്‍മന്‍ (പി എസ് ജി) ക്ലബിനുമൊപ്പം ലീഗ് അവസാനിക്കും മുമ്പ് മറ്റൊരു തീരുമാനവും ഉണ്ടാകില്ല.
‘സീസണ്‍ അവസാനിച്ചു കഴിഞ്ഞാലാണ് കാര്യങ്ങള്‍ അവലോകനം ചെയ്യുകയും അതിനനുസരിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുക. അഭ്യൂഹങ്ങളാണ് പ്രചരിപ്പിക്കുന്നത്. കുപ്രസിദ്ധി നേടാനായി മെസിയുടെ പേര് ദുരുപയോഗം ചെയ്യുകയാണ്. എന്നാല്‍, സത്യം ഒന്നു മാത്രമാണ്. മറ്റാരുമായും ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു. വാക്കാലോ, രേഖാമൂലമോ, സമ്മതപ്രകാരമോ ഉള്ള യാതൊരു കരാറുമില്ല. സീസണ്‍ അവസാനിക്കും വരെ അത് അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും.’- ഫോര്‍ഹെ മെസി പറഞ്ഞു.
പി എസ് ജിയുമായുള്ള നിലവിലുള്ള കരാര്‍ അടുത്ത മാസം അവസാനിക്കാനിരിക്കെ, മെസി അടുത്ത സീസണില്‍ സഊദി അറേബ്യയില്‍ കളിക്കുമെന്ന് ഒരു അജ്ഞാത കേന്ദ്രത്തില്‍ നിന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്.