Connect with us

Articles

അര്‍ഥശൂന്യം വെറും ഐക്യദാര്‍ഢ്യം

ചിതറിപ്പോയ ജനത, കൊള്ളയടിക്കപ്പെട്ട ഭൂമി, ഭരിക്കാനുള്ള ശേഷി ചോര്‍ത്തപ്പെട്ട ഫലസ്തീന്‍ അതോറിറ്റി, ഹമാസിനെ ഭരണത്തില്‍ കൂട്ടരുതെന്ന അന്താരാഷ്ട്ര തീരുമാനം, അനങ്ങാനാകാത്ത വിധം ഇസ്റാഈലിന്റെ സൈനിക സാന്നിധ്യം. ഈ ദുരവസ്ഥകള്‍ക്കൊന്നിനും പരിഹാരമാകാതെ ഫലസ്തീന്‍ രാഷ്ട്രത്തെ കുറിച്ച് പ്രഖ്യാപനം നടത്തുന്നതില്‍ എന്തര്‍ഥമാണുള്ളത്?

Published

|

Last Updated

ഫലസ്തീന്‍ ജനതയോട് അനുഭാവപൂര്‍ണമായ സമീപനത്തിലേക്ക് ആഗോള പൊതുസമൂഹം മാറുന്നതിന്റെ ആശ്വാസകരമായ വാര്‍ത്തകളാണ് ചുറ്റും നിറയുന്നത്. ഗസ്സയിലാകെ ദിനംപ്രതി കുഞ്ഞുങ്ങള്‍ മരിച്ചുവീഴുകയും ഗസ്സാ സിറ്റി സമ്പൂര്‍ണമായി തകര്‍ത്തെറിയാന്‍ നെതന്യാഹുവിന്റെ ഭീകര സൈന്യം ഒരുമ്പെട്ടിറങ്ങുകയും ചെയ്യുമ്പോള്‍ ആശ്വസിക്കാന്‍ ഇത്രയൊക്കെ മതിയോ എന്ന ചോദ്യമുയരുന്നുണ്ട്. അത്രയെങ്കിലുമായല്ലോ എന്ന സമാധാനത്തിലേക്ക് മനുഷ്യസ്നേഹികള്‍ എത്തിച്ചേരുന്നുമുണ്ട്. ഇസ്റാഈലിന്റെ ദോഹ ആക്രമണത്തോടെയാണ് കാറ്റ് പതുക്കെ മാറിവീശിത്തുടങ്ങിയത്. അറബ്, മുസ്ലിം രാജ്യങ്ങള്‍ പതിവിനു വിപരീതമായി ശക്തമായ ചില പ്രതികരണങ്ങള്‍ നടത്തി. യു എന്‍ പൊതുസഭയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയില്‍ ദ്വിരാഷ്ട്ര പരിഹാര പ്രമേയം പാസ്സായി. ഫ്രാന്‍സ്, യു കെ, ആസ്ത്രേലിയ, കാനഡ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീനിനെ ഔദ്യോഗികമായി അംഗീകരിക്കുകയോ അക്കാര്യം പ്രഖ്യാപിക്കുകയോ ചെയ്തു. ഇവരെയെല്ലാം ചേര്‍ത്താല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന രാഷ്ട്രങ്ങളുടെ എണ്ണം 157 ആയി. യു എന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നെതന്യാഹുവിന് യൂറോപ്യന്‍ ആകാശത്ത് കൂടി പറക്കാന്‍ പേടിയാകും വിധം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് ചരിത്രത്തിലാദ്യമായി അര്‍ഥവത്താകുന്നതും കണ്ടു. നെതന്യാഹുവിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി സ്ലൊവേനിയ മാറി. ഗസ്സയിലെ ജനങ്ങളെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് കാണിച്ച് മൈക്രോസോഫ്റ്റ് ഇസ്റാഈലുമായുള്ള സോഫ്റ്റ് വെയര്‍ കരാറില്‍ നിന്ന് പിന്‍വാങ്ങി. എല്ലാത്തിനും മീതെ നില്‍ക്കുന്നത് നെതന്യാഹു യു എന്‍ പൊതുസഭയില്‍ അനുഭവിച്ച തിരസ്‌കാരം തന്നെയാണ്. ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത ദിനമായിരിക്കും നെതന്യാഹുവിനത്. താന്‍ ആദ്യ വാക്കുച്ചരിക്കുമ്പോള്‍ മനുഷ്യര്‍ മുഴുവന്‍ എഴുന്നേറ്റു പോകുന്നു. അവര്‍ കൂവി വിളിക്കുന്നു. യു എസ്, അര്‍ജന്റീന തുടങ്ങി വിരലിലെണ്ണാവുന്ന രാജ്യങ്ങളിലെ പ്രതിനിധികള്‍ മാത്രം കൈയടിക്കുന്നു. പ്രതിഷേധ സ്വരത്തില്‍ ആ കൈയടികള്‍ മുങ്ങിപ്പോകുന്നു. കളവ് മാത്രം എഴുന്നള്ളിക്കുന്ന പ്രസംഗം ഗസ്സയില്‍ സംപ്രേഷണം ചെയ്യാന്‍ ആത്മവിശ്വാസം കാണിച്ച നെതന്യാഹുവിന് പക്ഷേ, ഒഴിഞ്ഞ കസേരകളോടും ക്രിസ്ത്യന്‍ സയണിസം തലക്ക് പിടിച്ച ഏതാനും അമേരിക്കക്കാരോടും സംസാരിക്കേണ്ട ഗതികേട് അനുഭവിക്കേണ്ടി വന്നു.

ഈ നയതന്ത്ര വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍ നിശ്ചയമായും ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഇസ്റാഈലിന്റെ പിറവിക്കും വളര്‍ച്ചക്കും എല്ലാ ക്രൗര്യങ്ങള്‍ക്കും കൂട്ടുനിന്ന, ഇപ്പോഴും അത്തരം കരാറുകള്‍ നിലനിര്‍ത്തിപ്പോകുന്ന പാശ്ചാത്യ രാജ്യങ്ങള്‍ ഫലസ്തീനിനെ ഔദ്യോഗികമായി അംഗീകരിക്കുമ്പോള്‍ അതിന് എത്രമാത്രം പ്രായോഗിക പ്രാധാന്യമുണ്ട്? ഫലസ്തീന്‍ രാഷ്ട്രം എന്ന് ഇവര്‍ പറയുന്നത് എന്തിനെക്കുറിച്ചാണ്? അതിന്റെ അര്‍ഥമെന്താണ്? ഈ അംഗീകാരങ്ങള്‍ ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും മനുഷ്യരുടെ ജീവിതത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കാന്‍ പോകുന്നത്? അവരനുഭവിക്കുന്ന വംശഹത്യക്കും പലായനങ്ങള്‍ക്കും ഭൂനഷ്ടങ്ങള്‍ക്കും ഇത്തിരിയെങ്കിലും ശമനമുണ്ടാക്കാന്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് കെല്‍പ്പുണ്ടോ? ഇസ്റാഈലിന് ഈ നീക്കം എന്തെങ്കിലും അലോസരമുണ്ടാക്കുമോ? ഇസ്റാഈലിന് അനുകൂലമായി യു എന്‍ രക്ഷാസമിതിയില്‍ ആവര്‍ത്തിക്കുന്ന അമേരിക്കന്‍ വീറ്റോകള്‍ തടയാന്‍ ഈ രാജ്യങ്ങള്‍ എന്തെങ്കിലും ചെയ്യുമോ?

പ്രമേയം വായിക്കണം
ആദ്യം യു എന്‍ പാസ്സാക്കിയ ദ്വിരാഷ്ട്ര പ്രമേയമെടുക്കാം. ഇതാദ്യമായല്ല യു എന്‍ ഇത്തരമൊരു പ്രമേയം പാസ്സാക്കുന്നത്. ഇസ്റാഈല്‍ പിറവിയെടുക്കാന്‍ കാരണമായ പ്രമേയം തന്നെ നീതിയുക്തമായ ഫലസ്തീനിന് വേണ്ടി കൂടി വാദിച്ചിരുന്നു. അതിന് ശേഷം നിരവധി പ്രമേയങ്ങള്‍ വന്നു. വെസ്റ്റ് ബാങ്കിലെ ജൂത കൈയേറ്റം നിയമവിരുദ്ധമാക്കുന്ന പ്രമേയങ്ങളുണ്ടായി. ഒന്നും പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ 142 രാജ്യങ്ങള്‍ പിന്തുണക്കുകയും യു എസും ഇസ്റാഈലുമടക്കം 12 രാജ്യങ്ങള്‍ എതിര്‍ക്കുകയും ചെയ്ത പ്രമേയം ഹമാസിന് മേല്‍ ചില നിഷ്‌കര്‍ഷകള്‍ വെക്കുന്നുണ്ട്. മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കണം. ഗസ്സയില്‍ ഹമാസ് ഭരണം അവസാനിപ്പിക്കണം. ഫലസ്തീന്‍ അതോറിറ്റിയെ ഭരണം ഏല്‍പ്പിക്കണം. മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായതാണെന്ന വസ്തുത ഈ പ്രമേയം സൗകര്യപൂര്‍വം മറച്ചുവെക്കുന്നു. ഈ വര്‍ഷം ജനുവരിയില്‍ നിലവില്‍ വന്ന ഒറിജിനല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ മൂന്ന് ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ബന്ദികള്‍ ഇസ്റാഈലില്‍ തിരിച്ചെത്തുമായിരുന്നു. ഗസ്സയില്‍ നിന്ന് ഇസ്റാഈല്‍ സൈന്യം പിന്‍മാറുമായിരുന്നു. ഗസ്സാ പുനര്‍നിര്‍മാണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമായിരുന്നു. ആരാണ് ആ കരാര്‍ തകര്‍ത്തത്? തനിക്കെതിരെയുയരുന്ന ആഭ്യന്തര വിചാരണയില്‍ നിന്ന് രക്ഷതേടാന്‍ നെതന്യാഹു തയ്യാറാക്കിയ പദ്ധതിയാണ് ആക്രമണ വ്യാപനം. അതിന് പച്ചക്കൊടി കാണിച്ച ഡൊണാള്‍ഡ് ട്രംപാണ് ഈ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ പ്രധാന തടസ്സം. ഈ വസ്തുതകളെ അംഗീകരിക്കാത്ത പ്രമേയം എത്ര ഭൂരിപക്ഷത്തില്‍ പാസ്സായാലും എന്താണ് ഗുണം? രക്ഷാസമിതിയില്‍ ചെന്നാല്‍ വീറ്റോ അഗ്‌നിയില്‍ ഭസ്മമാകാന്‍ വിധിക്കപ്പെട്ട കടലാസ്, അത്രയേ ഉള്ളൂ.

ഇനി ഹമാസ് അധികാരമൊഴിയണമെന്ന ആഗ്രഹം പരിശോധിക്കാം. 2006ലെ തിരഞ്ഞെടുപ്പില്‍ ഗസ്സയിലെ ജനങ്ങള്‍ വോട്ട് ചെയ്താണ് ഹമാസിനെ അധികാരമേല്‍പ്പിച്ചത്. ആ ജനത ആഗ്രഹിക്കാത്തിടത്തോളം അവരെ ഇറക്കിവിടാന്‍ ആര്‍ക്കാണ് അധികാരം. ഹമാസിനെ കുറിച്ച് ഏത് വിമര്‍ശനവുമാകാം. തിരുത്തല്‍ നിര്‍ദേശിക്കാം. അതിലപ്പുറത്തേക്ക് യു എന്‍ പോകുമ്പോള്‍ പ്രശ്നപരിഹാരമല്ല, അപകടകരമായ ബാലന്‍സിംഗാണ് സംഭവിക്കുക.

ഫലസ്തീന്‍ രാഷ്ട്രം
1933ലെ മോണ്ടിവിഡിയോ കണ്‍വെന്‍ഷന്‍ പ്രകാരം രാഷ്ട്രം നിലവില്‍ വരാന്‍ അന്താരാഷ്ട്ര അംഗീകാരമല്ല, മറിച്ച് കൃത്യം അതിര്‍ത്തിയോടെ ഒരു ഭൂവിഭാഗവും സ്ഥിരം ജനതയും പരമാധികാരമുള്ള സര്‍ക്കാറുമാണ് വേണ്ടത്. അന്താരാഷ്ട്ര അംഗീകാരം പിറകേ വരുന്നതാണ്. ഏതാണ് ഫലസ്തീനിന്റെ ഭൂവിഭാഗം? ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് ഫലസ്തീനില്‍ ഇസ്റാഈല്‍ രാഷ്ട്രം ബലാത്കാരമായി സ്ഥാപിക്കുന്നതിന് മുമ്പുള്ള മുഴുവന്‍ ഭൂവിഭാഗവുമെന്നാണ് ഉത്തരം. (ഇസ്റഈല്‍ രൂപവത്കരണത്തെ ഗാന്ധിജി പിന്തുണച്ചിരുന്നില്ല എന്നതാണല്ലോ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും ശരിയായ ഉത്തരം. അറബ് സംസാരിക്കുന്ന ഭൂപ്രദേശം അറബികള്‍ക്ക് എന്നതായിരുന്നുവല്ലോ മഹാത്മജിയുടെ നിലപാട്) അപ്പോള്‍ ഇസ്റാഈല്‍ നിലനില്‍ക്കേണ്ടതില്ലേ, ദ്വിരാഷ്ട്ര പരിഹാരമല്ലേ വേണ്ടത്? ഇസ്റാഈല്‍ നിലനില്‍ക്കണം. അന്താരാഷ്ട്ര ശക്തികള്‍ വരച്ചു കൊടുത്ത അതിര്‍ത്തിയില്‍ നില്‍ക്കണം. 1967ലെ ആറ് ദിന യുദ്ധത്തില്‍ പിടിച്ചടക്കിയ കിഴക്കന്‍ ജറൂസലമും അധിനിവിഷ്ട വെസ്റ്റ് ബാങ്കും പൂര്‍ണമായി തിരിച്ചു നല്‍കണം. ഗസ്സയില്‍ നിന്ന് സര്‍വ ചെക്ക് പോയിന്റുകളും നീക്കി ഇസ്റാഈല്‍ പ്രതിരോധ സേന പിന്‍വാങ്ങണം. അല്‍അഖ്സ പള്ളി നില്‍ക്കുന്ന കിഴക്കന്‍ ജറൂസലമായിരിക്കണം ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനം. ജറൂസലമിനെ ഇസ്റാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന പ്രഖ്യാപനത്തില്‍ തന്റെ ആദ്യ ഊഴത്തില്‍ ഒപ്പു വെച്ചയാളാണ് ഇപ്പോഴത്തെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അന്ന് ഒരക്ഷരം മിണ്ടാത്തവര്‍ ഇപ്പോള്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് കൈപൊക്കുന്നത് എത്രമാത്രം പരിഹാസ്യമാണ്.

പടിഞ്ഞാറന്‍ തീരം
ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറന്‍ തീരമായ വെസ്റ്റ് ബാങ്ക് ഫലസ്തീനിന്റെ അവിഭാജ്യ ഘടകമാണ്. ഇപ്പോള്‍ അംഗീകാര ആഘോഷങ്ങള്‍ നടക്കുമ്പോഴും അവിടേക്ക് ജൂത കൈയേറ്റം നിര്‍ബാധം തുടരുകയാണ്. 1968ല്‍ ആദ്യത്തെ ജൂത കൈയേറ്റ കേന്ദ്രമായ (ജ്യൂയിഷ് സെറ്റില്‍മെന്റ് എന്നാണ് ഇസ്റാഈല്‍ അനുകൂലികള്‍ വിളിക്കുക) കഫാര്‍ എറ്റ്സിയോണ്‍ സ്ഥാപിച്ചതിനുശേഷം ഫലസ്തീന്‍ പ്രദേശത്തുടനീളം സയണിസ്റ്റുകള്‍ 160ലധികം കൈയേറ്റ കേന്ദ്രങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എല്ലായിടത്തും വലിയ ചെറുത്തുനില്‍പ്പുയര്‍ന്നു. കൊന്നും തടവിലിട്ടും ആ ചെറുത്തുനില്‍പ്പുകള്‍ അപ്രസക്തമാക്കി. ഏകദേശം 7,00,000 ജൂതന്‍മാരാണ് ഈ സായുധ കൈയേറ്റത്തിലൂടെ ഫലസ്തീന്‍ മണ്ണില്‍ കടന്നത്. ഈ കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമവിരുദ്ധമാക്കുന്ന നിരവധി യു എന്‍ പ്രമേയങ്ങളുണ്ട്. 2016ലെ 2,334ാം രക്ഷാ സമിതി പ്രമേയം ഇവയില്‍ പ്രധാനമാണ്. ഗസ്സയിലെ വംശഹത്യാ കാലത്ത് കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഏകദേശം 3,400 പുതിയ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കാനുള്ള ഇസ്റാഈലിന്റെ ഏറ്റവും പുതിയ പദ്ധതി വെസ്റ്റ് ബാങ്കിനെ വിഭജിക്കുകയും നിലവിലുള്ള ആയിരക്കണക്കിന് കൈയേറ്റ കേന്ദ്രങ്ങളെ ഇസ്റാഈലി ഉപയോഗത്തിനായി റോഡുകള്‍ വഴി ബന്ധിപ്പിക്കുകയും ചെയ്യും. ഈ അധിനിവിഷ്ട പ്രദേശത്ത് ബര്‍ക്കന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പോലുള്ള വ്യാവസായിക സമുച്ചയങ്ങള്‍ ഇസ്റാഈല്‍ നിര്‍മിച്ചിട്ടുണ്ട്. ജെ സി ബി അടക്കമുള്ള കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇവിടേക്ക് ജൂതന്മാരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ സബ്സിഡി, നികുതിയിളവ്, വാടകയിളവ് എല്ലാം നല്‍കും. സൈനിക സംരക്ഷണവും. ഫലസ്തീന്‍ മണ്ണിലേക്കുള്ള ഈ കൈയേറ്റങ്ങളെയെല്ലാം നിയമവിധേയമാക്കുന്ന റഗുലേഷന്‍ ലോ ഇസ്റാഈല്‍ പാര്‍ലിമെന്റായ നെസ്സറ്റ് പസ്സാക്കിയിട്ടുണ്ട്. ഈ നിയമം ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അന്തകനാണെന്ന് ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ? ഈ പ്രദേശം ഫലസ്തീനിന്റെ അവിഭാജ്യ ഘടകമാണെന്നതിന് 1949ലെ ജനീവ കണ്‍വെന്‍ഷന്റെയും പിന്നീട് വന്ന ഓസ്ലോ കരാറിന്റെയും നിരവധി രക്ഷാസമിതി പ്രമേയങ്ങളുടെയും ഏറ്റവും ഒടുവില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയുടെയും പിന്‍ബലമുണ്ടായിട്ടും ജൂത രാഷ്ട്രം

അധിനിവേശം തുടരുകയാണ്.
ചിതറിപ്പോയ ജനത, കൊള്ളയടിക്കപ്പെട്ട ഭൂമി, ഭരിക്കാനുള്ള ശേഷി ചോര്‍ത്തപ്പെട്ട ഫലസ്തീന്‍ അതോറിറ്റി, ഹമാസിനെ ഭരണത്തില്‍ കൂട്ടരുതെന്ന അന്താരാഷ്ട്ര തീരുമാനം, അനങ്ങാനാകാത്ത വിധം ഇസ്റാഈലിന്റെ സൈനിക സാന്നിധ്യം. ഈ ദുരവസ്ഥകള്‍ക്കൊന്നിനും പരിഹാരമാകാതെ ഫലസ്തീന്‍ രാഷ്ട്രത്തെ കുറിച്ച് പ്രഖ്യാപനം നടത്തുന്നതില്‍ എന്തര്‍ഥമാണുള്ളത്? രണ്ട് വര്‍ഷം കൊണ്ട് 70,000ത്തിലേറെ മനുഷ്യരെ മിസൈലിട്ടും പട്ടിണിക്കിട്ടും കൊന്ന് കഴിഞ്ഞുവെന്ന് ഉറപ്പ് വരുത്തിയ ശേഷം നടത്തുന്ന ഈ ഐക്യദാര്‍ഢ്യം ഇസ്റാഈലിനെ ഇക്കാലമത്രയും ആയുധമണിയിച്ചതും സാമ്പത്തിക പിന്തുണ നല്‍കിയതും മറച്ചുവെക്കാനുള്ള ചെപ്പടിവിദ്യ മാത്രമാണ്. ഇസ്റാഈല്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന വാചകം മുഴക്കത്തോടെ ഉച്ചരിക്കാതെ ഫലസ്തീനിനെ കുറിച്ച് മിണ്ടാന്‍ ഇപ്പോഴും ചിലര്‍ക്ക് ധൈര്യമില്ല. അങ്ങനെയല്ലെന്ന് തെളിയിക്കാനുള്ള നടപടികളിലേക്ക് നീങ്ങും വരെ ‘മഹത്തായ യൂറോപ്യന്‍ മൂല്യം’ ഉയര്‍ത്തിപ്പിടിച്ചുവെന്ന വാദം വിലപ്പോകില്ല.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest